Tue Nov 12 2019 05:46:41 | Last updated 9:34 am
News in Details
കുടുംബവുമായി കുവൈത്തിലെത്തിയ കോഴിക്കോട് സ്വദേശിയെ നാടുകടത്തി
കുവൈത്ത് സിറ്റി: നാട്ടില്‍ പോയി കുടുംബവുമായി തിരിച്ചെത്തിയ മലയാളിയെ വിമാനത്താളവത്തില്‍ വെച്ച് ആറു വര്‍ഷം മുമ്പ് ഇഖാമ നിയമ ലംഘനത്തിന് കേസുണ്ടെന്ന് പറഞ്ഞ് നാടുകടത്തി. ആറു വര്‍ഷത്തിനിടെ പലവട്ടം നാട്ടില്‍ പോയി തിരിച്ചെത്തിയപ്പോഴുമില്ലാത്ത കേസിന്‍െറ പേരില്‍ വടകര മയ്യന്നൂര്‍ സ്വദേശിയും തിക്കോടിയില്‍ താമസക്കാരനുമായ മലയില്‍ ശബീറിനെയാണ് (38) വിമാനത്താവളത്തില്‍വെച്ച് കസ്റ്റഡിയിലെടുത്ത് പിറ്റേന്നുതന്നെ നാട്ടിലേക്ക് കയറ്റിവിട്ടതെന്ന് സുഹൃത്തും ബിസിനസ് പാര്‍ട്ണറുമായ തലശ്ശേരി സ്വദേശി നൗഷാദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വിമാനത്താവളത്തില്‍വെച്ച് അധികൃതര്‍ ശബീറിനെ തടഞ്ഞുവെച്ചപ്പോള്‍ ഒപ്പമെത്തിയ ഭാര്യയും രണ്ടു മക്കളും കാര്യമറിയാതെ ഒരു ദിവസത്തിലധികം തീ തിന്നുകയും ചെയ്തു. 1998 മുതല്‍ കുവൈത്തിലുള്ള ശബീര്‍ കഴിഞ്ഞമാസം 29ന് ഉച്ചക്ക് 2.30നുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് ഭാര്യക്കും 12ഉം എട്ടും വയസ്സുള്ള മക്കള്‍ക്കുമൊപ്പം എത്തിയത്. വിമാനത്താവളത്തില്‍ വിരലടയാള പരിശോധന കഴിഞ്ഞപ്പോള്‍ എമിഗ്രേഷന്‍ അധികൃതര്‍ പൊടുന്നനെ ശബീറിനെ വിളിച്ചുകൊണ്ടുപോയി ഒരു മുറിയിലേക്ക് മാറ്റുയിരുന്നു. ഭാര്യയോടും മക്കളോടും കാര്യങ്ങള്‍ വ്യക്തമാക്കിയുമില്ല. തുടര്‍ന്ന് ശബീര്‍ നൗഷാദുമായി ബന്ധപ്പെട്ടതോടെ ഇദ്ദേഹം കഫീലുമായി വിമാനത്താവളത്തില്‍ ചെന്നപ്പോഴും വിരലടയാള യന്ത്രത്തില്‍ കാണിച്ചതുപ്രകാരമാണ് തടഞ്ഞുവെച്ചതെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. നിയമപ്രകാരം ശബീറിനെ നാട്ടിലേക്ക് തരിച്ചയക്കുക മാത്രമേ വഴിയുള്ളൂ എന്നും അവരറിയിച്ചു. ഈ സമയമൊക്കെ കാര്യമറിയാതെ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിനരികില്‍ പകച്ചുനിന്ന ഭാര്യക്കും മക്കള്‍ക്കും ഏറെ നേരത്തേക്ക് ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചില്ല. നൗഷാദും കഫീലും ചേര്‍ന്ന് എയര്‍പോര്‍ട്ടിലെ ആഭ്യന്തര മന്ത്രാലയം കൗണ്ടറിലും ഫര്‍വാനിയ എമിഗ്രേഷന്‍ വിഭാഗത്തിലുമൊക്കെ അന്വേഷിച്ചെങ്കിലും ശബീറിന്‍െറ പേരില്‍ ഒരു കേസുമുള്ളതായി അറിയാനായില്ല. വിമാനത്താവള അധികൃതര്‍ ശബീറിനെ കയറ്റിവിടുമെന്ന് പറഞ്ഞതോടെ കുടുംബത്തോടെ രാത്രി ഹോട്ടലിലേക്ക് മാറ്റി. ഈ സമയമൊന്നും നൗഷാദിനും കഫീലിനും ശബീറിനെ കാണാന്‍ പോലും അവസരം നല്‍കിയില്ല. ഫോണില്‍ മാത്രമാണ് സംസാരിക്കാനായത്. പിറ്റേന്ന് രാവിലെ ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ ബന്ധപ്പെട്ടപ്പോള്‍ അവിടത്തെ മേധാവിയാണ് 2006ല്‍ ഇഖാമ ലംഘനത്തിന് ശബീറിന്‍െറ പേരില്‍ കേസുണ്ടെന്നും അതുകൊണ്ട് ഉടന്‍ നാടുകടത്തണമെന്നും പറഞ്ഞത്. എന്നാല്‍, അതിനുശേഷം പലവട്ടം നാട്ടില്‍ പോയി വന്നപ്പോഴൊന്നും പ്രശ്നമുണ്ടായില്ല എന്നു പറഞ്ഞിട്ടും കാര്യമുണ്ടായില്ല. കുടുംബത്തെ കൊണ്ടുവരാനായി കഴിഞ്ഞമാസം ഏഴിനാണ് ശബീര്‍ നാട്ടിലേക്ക് പോയത്. അതിനിടെ കുടുംബത്തിനുള്ള വിസ ശരിയാക്കി. അപ്പോഴൊന്നും ഒരു പ്രശ്നവുമണ്ടായിരുന്നില്ല. 2006ല്‍ ഇഖാമ ലംഘനത്തിന് കേസുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിനുശേഷം അഞ്ചുവട്ടം ഇഖാമ പുതുക്കിയിട്ടുണ്ടെങ്കിലും അപ്പോഴൊന്നും ഒരു പ്രശ്നവുമുണ്ടായിട്ടില്ല. പാസ്പോര്‍ട്ടിലും പ്രശ്നങ്ങളില്ല. 15 വര്‍ഷത്തോളമായി തനിക്ക് അറിയാവുന്ന ശബീറിന്‍െറ പേരില്‍ ഇഖാമ ലംഘനത്തിനോ മറ്റോ ഒരു കേസുമില്ലെന്നും സുഹൃത്ത് നൗഷാദ് പറഞ്ഞു..
OTHER STORIES IN THIS SECTION