Tue Nov 12 2019 06:24:37 | Last updated 9:34 am
News in Details
ബിദൂന്‍ പ്രകടനത്തില്‍ സംഘര്‍ഷം; കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര അഹിംസാ ദിനത്തോടനുബന്ധിച്ച് ബിദൂനികള്‍ നടത്തിയ പ്രകടനം സംഘര്‍ഷഭരിതമായി. ഇതേ തുടര്‍ന്ന് സുരക്ഷാ സേന കണ്ണീര്‍ വാതകവും സ്റ്റണ്‍ ഗ്രനേഡും പ്രയോഗിച്ചു. ബിദൂനികളുടെ ശക്തികേന്ദ്രമായ ജഹ്റയിലെ തൈമയില്‍ നടത്തിയ പ്രകടനമാണ് അക്രമാസക്തമായത്. ജഹ്റ ഗവര്‍ണറേറ്റ് സുരക്ഷാ മേധാവി ഇബ്രാഹീം അത്തര്‍ഹയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സേനയാണ് തൈമയില്‍ ഒരുമിച്ചുകൂടിയ ആയിരക്കണക്കിന് ബിദൂനികളെ ബലംപ്രയോഗിച്ച് നീക്കിയത്. ബുധനാഴ്ച വൈകീട്ടാണ് ബിദൂനികള്‍ തൈമയിലും ജഹ്റ ഗവര്‍ണറേറ്റിന്‍െറ മറ്റു ഭാഗങ്ങളിലും അഹ്മദി ഗവര്‍ണറേറ്റിന്‍െറ വിവിധ ഭാഗങ്ങളിലും പ്രകടനം നടത്തിയത്. പ്രകടനങ്ങള്‍ നടത്താന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ ആഹ്വാനം വ്യപകമായതോടെ ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊതുസ്ഥലത്ത് നടത്തുന്ന ഏത് പ്രകടനവും ഒത്തുകൂടലും നിയമവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കുമെന്നും ശക്തമായി നേരിടുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കുവൈത്തില്‍ 1,06,000 ബിദൂനികളുണ്ടെന്നാണ് കണക്ക്.
ഇവരില്‍ 34,000 പേര്‍ മാത്രമാണ് പൗരത്വത്തിന് അര്‍ഹര്‍ എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇവര്‍ക്ക് പൗരത്വം നല്‍കുന്ന നടപടി തന്നെ ഏറെ സാവധാനത്തിലാണ് മുന്നോട്ടുനീങ്ങുന്നത്. എന്നാല്‍, രാജ്യത്ത് ജനിച്ചുവളര്‍ന്ന തങ്ങള്‍ക്കെല്ലാം പൗരത്വം നല്‍കണമെന്നാണ് ബിദൂനികളുടെ ആവശ്യം. ഇവരില്‍ പലരും തങ്ങളുടെ യഥാര്‍ഥ രാജ്യം മനസ്സിലാവാതിരിക്കാന്‍ വേണ്ടി പാസ്പോര്‍ട്ടുകള്‍ നശിപ്പിച്ച് കളഞ്ഞതാണെന്നും അതിനാല്‍ തന്നെ ഇത്തരക്കാര്‍ക്ക് പൗരത്വം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ പറയുന്നു..
OTHER STORIES IN THIS SECTION