Mon Oct 21 2019 23:23:39 | Last updated 9:34 am
News in Details
ഷോപ്പിങ് മാളുകളില്‍ സുരക്ഷ ശക്തമാക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്തെ ഷോപ്പിങ് മാളുകളിലും മറ്റു കച്ചവട കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മറീന മാള്‍ കൊലപാതകത്തിന്‍െറ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തിലാണ് തീരുമാനം. പോലീസ് ഉദ്യോഗസ്ഥരുടെയും നിരീക്ഷണ കാമറകളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതോടൊപ്പം ആയുധങ്ങളുമായി മാളുകള്‍ക്കകത്തേക്ക് അക്രമികള്‍ പ്രവേശിക്കുന്നത് തടയാന്‍ മെറ്റല്‍ ഡിറ്റക്റ്റര്‍ സ്ഥാപിക്കാനും യോഗത്തില്‍ ധാരണയായി. കച്ചവട കേന്ദ്രങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും പോലീസ് സേനയെയും സംയോജിപ്പിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റതും സമഗ്രവുമായിരിക്കും എന്ന് ആഭ്യന്തര മന്ത്രാലയം ആക്റ്റിങ്് അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്‍റ് ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് ഖാലിദ് അസ്വബാഹിന്‍െറ നിര്‍ദേശ പ്രകാരം വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാജ്യത്തെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളുടെ പ്രതിനിധികളും സംബന്ധിച്ചു. മറീനാ മാള്‍ കൊലപാതകത്തില്‍ കുറ്റക്കാരെ അതിവേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് പൊതുസുരക്ഷാ വിഭാഗം മേധാവി മേജര്‍ ജനറല്‍ ഹമൂദ് അല്‍ ദൂസരി, ക്രിമിനല്‍ സെക്യൂരിറ്റി വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ അബ്ദുല്‍ ഹമീദ് അല്‍ അവാദി എന്നിവര്‍ അഭിനന്ദിച്ചു. രണ്ടു ദിവസത്തിനകം പ്രതികളായ നാല് പേരും പിടിയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടായിരുന്നു രാജ്യത്തെ പ്രമുഖ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നായ മറീന മാളില്‍ രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. യുവാക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് 24കാരനായ സ്വദേശി കൊല്ലപ്പെടുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പ്രമുഖ വ്യാപാര കേന്ദ്രമായ അവന്യൂസ് മാളിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. മറീന മാള്‍ സംഭവത്തില്‍ കൊലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സുരക്ഷാ വീഴ്ച ആരോപിച്ച് പാര്‍ലമെന്‍റംഗങ്ങള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്..
OTHER STORIES IN THIS SECTION