Tue Nov 12 2019 06:23:09 | Last updated 9:34 am
News in Details
മലയാളി യുവതി ഫ്ളാറ്റിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കി
കുവൈത്ത് സിറ്റി: മലയാളി യുവതി താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. കാസര്‍കോട് മടിക്കൈ അമ്പാറത്തറ പറളി ഹൗസില്‍ സുഷമ (33) ആണ് മരിച്ചത്. കാസര്‍കോട് സ്വദേശി പ്രകാശ് കൃഷ്ണന്റെ ഭാര്യയാണ്. ഇന്നലെ രാവിലെ പത്ത് മണിയോടെ ഇവര്‍ താമസിക്കുന്ന ഫര്‍വാനിയ ബ്ലോക്ക് അഞ്ച്, റോഡ് അഞ്ചില്‍ അര്‍ബീദ് ബില്‍ഡിങ്ങിനടുത്തുള്ള ഫ്ളാറ്റിലാണ് സംഭവം. മൂന്നാം നിലയില്‍ ഇവരുടെ അപ്പാര്‍ട്ടുമെന്റിന്റെ കിടപ്പുമുറിയുടെ ജനല്‍ വഴി ചാടുകയായിരുന്നു. ലാന്‍ഡ് മാര്‍ക്കിന്റെ ഹോം സെന്റര്‍ ജീവനക്കാരനായ ഭര്‍ത്താവ് പ്രകാശ് ഈ സമയം വീട്ടിലുണ്ടായിരുന്നു. സുഷമ ആവശ്യപ്പെട്ടതുപ്രകാരം നാരങ്ങാ വെള്ളം കലക്കാന്‍ വേണ്ടി അടുക്കളയിലേക്ക് പോയ ഇദ്ദേഹം തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ കണ്ടില്ല. കിടപ്പുമുറിയിലെ ജനല്‍ തുറന്നുകിടക്കുന്നത് കണ്ട് താഴോട്ട് നോക്കിയപ്പോള്‍ വീണുകിടക്കുന്നത് കണ്ടു. പ്രകാശ് ഉടന്‍ താഴെയെത്തുമ്പോഴും ജീവനുണ്ടായിരുന്നു. ഭര്‍ത്താവിന്റെ മടിയില്‍ കിടന്ന് വെള്ളം കുടിച്ചു. വിവരമറിഞ്ഞെത്തിയ എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗം ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പത്ത് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് കുട്ടികളില്ല. ഒമ്പത് വര്‍ഷമായി കുവൈത്തിലുള്ള ഇവര്‍ ഏഴ് വര്‍ഷമായി ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നത്. കുട്ടികളില്ലാത്തതിന്റെ മനോവിഷമം ഉണ്ടായിരുന്നെങ്കിലും സന്തോഷവതിയായാണ് സുഷമയെ കാണാറുള്ളതെന്ന് സമീപവാസികള്‍ പറഞ്ഞു. ജാസിം അല്‍ ഖറാഫിയുടെ കെ.പി.ഐ കമ്പനിയില്‍ സെക്രട്ടറി ആന്റ് ഡോക്യൂമെന്റേഷന്‍ കണ്‍ട്രേളാളറായ ഇവര്‍ രണ്ടു ദിവസമായി ജോലിക്ക് പോയിരുന്നില്ല. കെ.വി. കുഞ്ഞിരാമന്റെയും ജാനകിയുടെയും മകളാണ്. സഹോദരങ്ങള്‍: സന്തോഷ്, സൗമ്യ. കുവൈത്തില്‍ രണ്ടാഴ്ചക്കിടെ കെട്ടിടത്തില്‍നിന്ന് ചാടി മലയാളി യുവതി മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. അടുത്തിടെ റിഗ്ഗഇയില്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടി തൃശൂര്‍ സ്വദേശിനി ആത്മഹത്യ ചെയ്തിരുന്നു..
OTHER STORIES IN THIS SECTION