Tue Jul 16 2019 11:18:34 | Last updated 9:34 am
News in Details
ഖാദിം വിസ ഷൂണ്‍ വിസയിലേക്ക് മാറല്‍ അനിശ്ചിതത്വത്തില്‍
കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശി സ്പോണ്‍സര്‍ഷിപ്പില്‍ വീടുകളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരുന്ന ഖാദിം (ഗാര്‍ഹിക) വിസക്കാര്‍ക്ക് ഷൂണ്‍ (തൊഴില്‍) വിസയിലേക്ക് മാറുന്നതിന് അനുവാദം നല്‍കുന്നത് അനിശ്ചിതത്വത്തില്‍. ഇതുസംബന്ധിച്ച തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയത്തിന്‍െറ ശിപാര്‍ശ ആഭ്യന്തര മന്ത്രാലയം തള്ളിയതോടെയാണിത്. ഖാദിം വിസ ഷൂണ്‍ വിസയിലേക്ക് മാറ്റുന്നതിന് രണ്ട് മാസത്തേക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചതായി ഒരാഴ്ച മുമ്പ് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ മുഹ്സിന്‍ അല്‍ മുതൈരി വ്യക്തമാക്കിയിരുന്നു. തൊഴില്‍ മന്ത്രാലയത്തിന്‍െറ 222/2013 നമ്പര്‍ ഉത്തരവ് പ്രകാരം ഔദ്യാഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ രണ്ടു മാസത്തേക്കായിരിക്കും വിസാ മാറ്റ കാലാവധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് നേരത്തേ കൂടിയാലോചിച്ചില്ലെന്ന കാരണം പറഞ്ഞാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ ശിപാര്‍ശ ആഭ്യന്തര മന്ത്രാലയം തള്ളിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളിക്ളുമായി ബന്ധപ്പെട്ട വിഷയം തൊഴില്‍ മന്ത്രാലയത്തിന്‍െറ പരിധിയില്‍പ്പെടുന്നതല്ലെന്നും ഇത് കൈകാര്യം ചെയ്യേണ്ട തങ്ങളുമായി ഈ വിഷയം നേരത്തേ കൂടിയാലോചിച്ചില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ പരാതി. വിസാ മാറ്റ അനുമതി അനിശ്ചിതത്വത്തിലായതോടെ നിരവധി മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളാണ് പ്രയാസത്തിലാവുന്നത്. എല്ലാ വര്‍ഷവും നിശ്ചിതകാലത്തേക്ക് ഇത്തരത്തില്‍ വിസാ മാറ്റത്തിന് അനുമതി നല്‍കാറുണ്ട്. എല്ലാ വര്‍ഷവും ജൂണ്‍ ഒന്ന് മുതല്‍ നവംബര്‍ 30 വരെയാണ് വിസാ മാറ്റം അനുവദിക്കാറുള്ളത്. എന്നാല്‍, ഇത്തവണ അതുണ്ടായില്ല. വിസ മാറുന്നതിനുള്ള അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് സാമൂഹിക, തൊഴില്‍ മന്ത്രാലയം പതിവുപോലെ മേയ് മാസത്തില്‍ നല്‍കിയ അപേക്ഷ ആഭ്യന്തര മന്ത്രാലയം തള്ളുകയായിരുന്നു. രാജ്യത്ത് വിദേശ തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമാവുന്നു, സ്പോണ്‍സറുടെ അടുത്തുള്ള തൊഴില്‍ ഉപേക്ഷിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം വര്‍ധിക്കാന്‍ ഇടയാക്കുന്നു, തങ്ങളുടെ കീഴിലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ ശുഊന്‍ വിസയിലേക്ക് മാറുന്നതോടെ സ്പോണ്‍സര്‍ക്ക് പുതിയ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരേണ്ടിവരുന്നു, ഇതിന് ചെലവ് ഏറെ വരുന്നതായി സ്വദേശികള്‍ പരാതി പറയുന്നു തുടങ്ങിയ കാരണങ്ങളാണ് വിസ മാറ്റത്തിന് അനുമതി തള്ളാനുള്ള കാരണങ്ങളായി ആഭ്യന്തര മന്ത്രാലയം അന്ന് പറഞ്ഞിരുന്നത്. രാജ്യത്തെ തൊഴില്‍ വിപണിയിലേക്ക് പുതുതായി ആവശ്യം വരുന്ന തൊഴിലാളികളെ പുറത്തുനിന്ന് പുതുതായി കൊണ്ടുവരുന്നതിന് പകരം നിലവില്‍ രാജ്യത്തുള്ളവരെ തന്നെ ഉപയോഗപ്പെടുത്തുകയാണ് വിസ മാറ്റം നടപടിയിലൂടെ തൊഴില്‍ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. വിദേശത്തു നിന്നുള്ള റിക്രൂട്ട്മെന്‍റ് ഇല്ലാതെ തന്നെ ജോലിക്കാരെ കണ്ടെത്താന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയും എന്നതിനാല്‍ തൊഴിലുടമകളും ഇത് സ്വാഗതം ചെയ്യുന്നു. അടുത്തിടെ ശക്തമാക്കിയ റെയ്ഡുകളിലൂടെയും മറ്റും നിരവധി വിദേശികളെ നാടുകടത്തുകയും നിയമപരമായ പരിരക്ഷയില്ലാത്ത പലരും ജോലി വിടുകയും ചെയ്തതോടെ രാജ്യത്ത് തൊഴിലാളി ക്ഷാമം ഏറെയുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടു മാസത്തേക്ക് വിസാ മാറ്റത്തിന് അനുമതി നല്‍കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിരുന്നത്. എന്നാല്‍, നിര്‍ദേശം ആഭ്യന്തര മന്ത്രാലയം തള്ളിയതോടെ ഇനി വിസാ മാറ്റ അനുമതി എന്നുണ്ടാവുമെന്ന് വ്യക്തമല്ല..
OTHER STORIES IN THIS SECTION