Wed Jul 17 2019 07:34:12 | Last updated 9:34 am
News in Details
സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം റദ്ദാക്കല്‍ ഉടന്‍ -തൊഴില്‍ മന്ത്രാലയം
കുവൈത്ത് സിറ്റി: ഏറക്കാലമായി രാജ്യത്തെ മലയാളികളടക്കമുള്ള പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം റദ്ദാക്കലും പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ രൂപവല്‍ക്കരണവും ഉടന്‍ ഉണ്ടാവുമെന്ന് തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം. മാസങ്ങള്‍ക്കകം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ദൂസരിയാണ് വ്യക്തമാക്കിയത്. ` രാജ്യത്തെ തൊഴില്‍ നിയമപ്രകാരം കഫീല്‍ (സ്പോണ്‍സര്‍) എന്ന പേര് തന്നെയില്ലെന്നും തൊഴിലുടമയും ജീവനക്കാരനും മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ രൂപവല്‍ക്കരണ ഉത്തരവ് മാസങ്ങള്‍ക്ക് മുമ്പുതന്നെ ഉണ്ടായിട്ടുണ്ടെന്നും പ്രാബല്യത്തില്‍ വരാന്‍ ആവശ്യമായ പ്രായോഗിക നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പൂര്‍ത്തിയാവുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് സംവിധാനം നിര്‍ത്തലാക്കി എല്ലാ വിദ വിദേശി റിക്രൂട്ട്മെന്‍റും പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഏറ്റെടുക്കും. തൊഴില്‍, സാമൂഹിക മന്ത്രാലയത്തിന്‍െറ കീഴിലാണ് അതോറിറ്റി നിലവില്‍ വരിക. രാജ്യത്തെ തൊഴില്‍ സംബന്ധമായ എല്ലാ വിഷയങ്ങളും വരുന്ന സമഗ്ര സംവിധാനമായിരിക്കും ഈ അതോറിറ്റി. വിദേശ തൊഴിലാളികളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും അവരുടെ ക്ഷേമത്തിനും തൊഴില്‍ സുരക്ഷക്കും പ്രാധാന്യം നല്‍കുകയുമാണ് അതോറിറ്റിയുടെ ലക്ഷ്യം. 2010ല്‍ സ്വകാര്യ മേഖലക്കായി പുതിയ തൊഴില്‍ നിയമം വന്നതോടെയാണ് ബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ രൂപവല്‍ക്കരണവും അതുവഴി സ്പോണ്‍സര്‍ഷിപ്പ് സംവിധാനം റദ്ദാക്കലും ഉടന്‍ നടപ്പാവുമെന്ന പ്രഖ്യാപനമുണ്ടായത്. അതുമുതല്‍ പ്രതീക്ഷയിലായിരുന്നു രാജ്യത്തെ പ്രവാസി സമൂഹം. അതോറിറ്റി നിലവില്‍ വരുന്നതോടെ രാജ്യത്തെ വിദേശി തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ്, ഇഖാമ സംബന്ധിച്ച എല്ലാ കാര്യങ്ങളും അതിന്‍െറ കീഴിലാവും, കമ്പനികള്‍ക്കും വ്യക്തികള്‍ക്കും വിദേശി തൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള അവകാശം ഇല്ലാതാകും, ഇതോടെ വിദേശി തൊഴിലാളികള്‍ക്കുമേല്‍ സ്പോണ്‍സര്‍മാര്‍ക്ക് ഉണ്ടായിരുന്ന ശക്തമായ നിയന്ത്രണം നഷ്ടമാകും തുടങ്ങിയവയാണ് ഇതിന്‍െറ ഗുണഫലങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന്‍െറ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പ് സംവിധാനം റദ്ദാക്കാന്‍ തീരുമാനിച്ചത്. വിദേശി തൊഴിലാളികളുടെ മേല്‍ സ്പോണ്‍സര്‍മാരായ സ്വദേശികള്‍ക്ക് വര്‍ധിച്ച അധികാരം നല്‍കുന്ന സംവിധാനത്തിനെതിരെ ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ഐക്യരാഷ്ട്രസഭയുടെ ഹ്യൂമണ്‍ റൈറ്റ്സ് കൗണ്‍സില്‍, മനുഷ്യവകാശ സംഘടനയായ ഹയൂമന്‍ റൈറ്റ്സ്വാച്ച്, അമേരിക്കന്‍ വിദേശകാര്യ വകുപ്പ് തുടങ്ങിയവ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അടിമത്ത സമ്പ്രദായത്തിന് സമാനമാണ് സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയെന്നായിരുന്നു ഇവര്‍ ഉന്നയിച്ച ആക്ഷേപം. ഈ സാഹചര്യത്തിലാണ് സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കാനും പബ്ളിക് അതോറിറ്റി രൂപവല്‍ക്കരിക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുത്തത്..
OTHER STORIES IN THIS SECTION