Sat Jul 20 2019 18:48:44 | Last updated 9:34 am
News in Details
തലശ്ശേരി ശഫ്ന വധക്കേസ് പ്രതി അഫ്സല്‍ കുവൈത്തില്‍ പിടിയില്‍
കുവൈത്ത് സിറ്റി: കോളിളക്കം സൃഷ്ടിച്ച തലശ്ശേരി ശഫ്ന വധക്കേസ് പ്രതി അഫ്സല്‍ കുവൈത്തില്‍ പിടിയിലായി. കേസിന്‍െറ വിചാരണക്കിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ വ്യാജ പാസ്പോര്‍ട്ടില്‍ കുവൈത്തിലേക്ക് കടക്കുകയായിരുന്നു. എട്ട് വര്‍ഷത്തോളമായി കുവൈത്തിലുള്ള ഇയാള്‍ക്കെതിരെ അടുത്തിടെ ഇന്‍റര്‍പോള്‍ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. അഫ്സല്‍ വ്യാജ പാസ്പോര്‍ട്ടിലാണ് കുവൈത്തിലെത്തിയത് എന്നറിഞ്ഞ സ്പോണ്‍സര്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇയാളെ കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഇന്‍റര്‍പോളിന് കൈമാറുന്ന ഇയാളെ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്നറിയുന്നു. തലശ്ശേരി ചിറക്കര കെ.ടി.പി മുക്ക് പുല്ലമ്പില്‍ റോഡ് ‘ശഫ്നാസി’ല്‍ പി.കെ. സമ്മൂട്ടിയുടെയും ജമീലയുടെയും മകളായ ശഫ്നയെ (18) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് തലശ്ശേരി ചിറക്കര മോറക്കുന്ന് ‘തൗഫീഖ് മന്‍സിലി’ല്‍ അഫ്സല്‍ (32). 2004 ജനുവരി 13നായിരുന്നു കേസിനാസ്പദമായ സംഭവം. തലശ്ശേരി ക്രൈസ്റ്റ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ശഫ്നയുടെ പിന്നാലെ നടന്ന് പ്രേമാഭ്യര്‍ഥ ന നടത്തി നിരന്തരം ശല്യപ്പെടുത്തിയിരുന്നു പ്രതി അഫ്സല്‍. എന്നാല്‍, ശഫ്ന ഇത് നിരസിച്ചതിന് പ്രതികാരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവ ദിവസം ക്ളാസ് കഴിഞ്ഞ്് ഒട്ടോയില്‍ വീട്ടിലേക്ക് മടങ്ങിയ ശഫ്നയെ പിന്തുടര്‍ന്ന അഫ്സല്‍ വീട്ടുമുറ്റത്ത് വെച്ച് കൊടുവാള്‍ കൊണ്ട് തുരുതുരാ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ പിറ്റേന്ന് തന്നെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കേസിന്‍െറ വിചാരണക്കിടെ തലശ്ശേരി കോടതിയില്‍നിന്ന് ജാമ്യം നേടിയ അഫ്സല്‍ 2005 ജൂലൈ അഞ്ചിന് ബംഗളൂരു പാസ്പോര്‍ട്ട് ഓഫീസില്‍നിന്ന് താജ് പാഷ ഖാന്‍ എന്ന പേരില്‍ നേടിയ എഫ് 3901333 നമ്പര്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് കുവൈത്തിലേക്ക് കടക്കുകയായിരുന്നു. ജാമ്യം നല്‍കുമ്പോള്‍ അഫ്സലിന്‍െറ യഥാര്‍ഥ പാസ്പോര്‍ട്ട് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കുവൈത്തിലെ ജലീബ് അല്‍ ശുയൂഖിലെ സഹേദരീഭര്‍ത്താവിന്‍െറ ഇന്‍റര്‍നെറ്റ് കഫേയിലായിരുന്നു വ്യാജ പാസ്പോര്‍ട്ടിലെത്തിയ അഫ്സല്‍ മൂന്ന് വര്‍ഷം മുമ്പുവരെ ജോലി ചെയ്തിരുന്നത്. അഫ്സലിനെ പിടികൂടുന്നതിന് ശഫ്നയുടെ പിതാവ് സമ്മൂട്ടി കഴിഞ്ഞ എട്ടു വര്‍ഷമായി നിരന്തരം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും കാര്യമുണ്ടായിരുന്നില്ല. അഫ്സല്‍ കുവൈത്തിലേക്ക് കടന്ന വ്യാജ പാസ്പോര്‍ട്ടിന്‍െറ വിവരങ്ങളടക്കം വെച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നഭ്യര്‍ഥിച്ച് കഴിഞ്ഞ മാസം സമ്മൂട്ടി സ്ഥലം എം.പി കൂടിയായ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയിരുന്നു. അദ്ദേഹത്തിന്‍െറ ഇടപെടലോടെ കേസ് ഇന്‍റര്‍പോളിന് കൈമാറുകയായിരുന്നു..
OTHER STORIES IN THIS SECTION