Sat Jan 25 2020 01:51:27 | Last updated 9:34 am
News in Details
വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദു ചെയ്യല്‍ പുതിയ നിയമം അടുത്ത മാസം മുതല്‍
കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദു ചെയ്യുന്നതിന് തൊഴിലുടമയ്ക്ക് അവകാശം നല്‍കുന്ന പുതിയ നിയമം അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സുകള്‍ കരസ്ഥമാക്കിയ വിദേശികള്‍ തങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ തിരിച്ചേല്‍പ്പിക്കണമെന്നും ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 2013 ഏപ്രില്‍ ഒന്നിന് ശേഷം അനുവദിച്ച വിദേശ തൊഴിലാളികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ തൊഴിലുടമക്ക് റദ്ദു ചെയ്യാന്‍ അവകാശം നല്‍കുന്ന നിയമ പരിഷ്‌കരണമാണ് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരിക. ടാഫിക് വിഭാഗം മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍അലിയാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവിംഗ് ലൈസന്‍സുകള്‍ നേടിയ ശേഷം ജോലി മാറുകയോ വിസ റദ്ദാക്കുകയോ ചെയ്യുകയോ ചെയ്ത തൊഴിലാളികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ മരവിപ്പിക്കാന്‍ തൊഴിലുടമ ഗതാഗത വിഭാഗത്തില്‍ അപേക്ഷ നല്‍കിയാല്‍ മതിയാകും. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ വിദേശ തൊഴിലാളികള്‍ക്ക് അത് കനത്ത തിരിച്ചടിയാകും. നിയമം ദുരുപയോഗം ചെയ്ത് തൊഴിലുടമകള്‍ തൊഴിലാളികളെ പീഡിപ്പിക്കാനും സാധ്യതയുണ്ട്. വിദേശികള്‍ അനധികൃത മാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ച ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ തിരിചേല്‍പ്പിക്കണമെന്നും അല്ലാത്ത പക്ഷം കടുത്ത ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇരുപതിനായിരം വിദേശികള്‍ അനധികൃത രീതിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയിട്ടുണ്ടെന്നു ഗതാഗത മന്ത്രാലയം നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴായിരം ലൈസന്‍സുകള്‍ മാത്രമാണ് മന്ത്രാലയത്തില്‍ തിരിച്ചേല്‍പ്പിച്ചിട്ടുള്ളത്. ട്രാഫിക് നിയമ ലംഘനവുമായി ബന്ധപെട്ട പിഴ കുടിശിക അടച്ചു തീര്‍ക്കാത്ത അഭ്യന്തര മന്ത്രാലയവുമായി ബന്ധപെട്ട സേവനങ്ങള്‍ നിഷേധിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി..
OTHER STORIES IN THIS SECTION