Fri Jul 10 2020 08:29:57 | Last updated 9:34 am
News in Details
കുവൈത്ത് എയര്‍വേയ്സ് -എയര്‍ബസ് കരാര്‍ റദ്ദാക്കിയേക്കും
കുവൈത്ത് സിറ്റി: ചിറകൊടിഞ്ഞുപറക്കുന്ന കുവൈത്തിന്‍െറ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേയ്സിനെ കരക്കുകയറ്റുകയെന്ന ലക്ഷ്യത്തോടെ പദ്ധതിയിട്ട എയര്‍ബസുമായുള്ള കരാര്‍ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് എയര്‍വേയ്സിനായി പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനും സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനുമായി ലോകപശ്രസ്ത വിമാനക്കമ്പനിയായ എയര്‍ബസുമായി മാസങ്ങള്‍ക്കുമുമ്പ് പ്രാഥമിക കരാറിലെത്തിയിരുന്നു. എന്നാല്‍, പുതിയ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം നിര്‍ത്തിവെക്കാനും തല്‍ക്കാലം ആവശ്യമായ വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനുമാണ് കുവൈത്ത് എയര്‍വേയ്സ് ഡയറക്ടര്‍ ബോര്‍ഡിന്‍െറ തീരുമാനമെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. 2014 ആവുമ്പോഴേക്ക് 20 വിമാനങ്ങള്‍ പാട്ടത്തിനെടുക്കുക മാത്രമാണത്രെ പുതിയ തീരുമാനം. നേരത്തേ 25 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനും അവ ലഭിക്കുന്നതുവരെ 13 വിമാനങ്ങള്‍ എയര്‍ബസില്‍ നിന്നുതന്നെ പാട്ടത്തിനെടുക്കാനുമായിരുന്നു ധാരണ. 850 മില്യന്‍ ദീനാറിന്‍െറ കരാറാണ് ലക്ഷ്യമിട്ടിരുന്നത്. 60 മില്യന്‍ വീതം വില വരുന്ന പത്ത് A350-900 വിമാനങ്ങളും 16.5 മില്യന്‍ വീതം വില വരുന്ന പതിനഞ്ച് A320 വിമാനങ്ങളുമാണ് വാങ്ങാനായിരുന്നു പദ്ധതി. എന്നാല്‍, തല്‍ക്കാലം വിമാനങ്ങള്‍ പാട്ടത്തിനെടുത്താല്‍ മതിയെന്നും അതിനുതന്നെ എയര്‍ബസിനെ മാത്രം ആശ്രയിക്കേണ്ടതില്ലെന്നുമാണ് ഡയറക്ടര്‍ ബോര്‍ഡിന്‍െറ തീരുമാനം. കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഒറ്റയടിക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന രീതിയില്‍ പുതിയ വിമാനങ്ങള്‍ വാങ്ങേണ്ടതില്ല എന്ന നിലപാടാണ് ഇതിന് പിന്നിലെന്നറിയുന്നു..
OTHER STORIES IN THIS SECTION