Tue Jul 16 2019 11:01:36 | Last updated 9:34 am
News in Details
അനധികൃതമായി നേടിയ ലൈസന്‍സുകള്‍ക്കെതിരെ ട്രാഫിക് വകുപ്പ് നടപടി തുടങ്ങി
കുവൈത്ത് സിറ്റി: നിശ്ചിത യോഗ്യതയില്ലാത്തവര്‍ അനധികൃത മാര്‍ഗങ്ങളിലൂടെ സ്വന്തമാക്കിയ ഡ്രൈവിങ് ലൈസന്‍സുകള്‍ക്കെതിരെ ട്രാഫിക് വകുപ്പ് നടപടി തുടങ്ങി. ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ ഹമദ് അസ്വബാഹിന്‍െറ ഉത്തരവ് പ്രകാരമാണ് ട്രാഫിക് വകുപ്പ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അലി ഇത്തരം ലൈസന്‍സുകള്‍ക്കെതിരെ നടപടി തുടങ്ങാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയത്. നിശ്ചിത യോഗ്യതയില്ലാത്ത 40,000 വിദേശികള്‍ അനധികൃത മാര്‍ഗത്തിലൂടെ ലൈസന്‍സ് സ്വന്തമാക്കിയതായി അടുത്തിടെ അബ്ദുല്‍ ഫത്താഹ് അലി വെളിപ്പെടുത്തിയിരുന്നു. രണ്ടു വര്‍ഷമെങ്കിലും രാജ്യത്ത് താമസിച്ച സര്‍വകലാശാലാ ബിരുദവും 400 ദീനാര്‍ മാസ ശമ്പളവുമുള്ള വിദേശികള്‍ക്കാണ് ലൈസന്‍സ് ലഭിക്കാന്‍ അര്‍ഹതയുള്ളത്. എന്നാല്‍, ഇവയില്ലാത്ത നിരവധി പേര്‍ ട്രാഫിക് വകുപ്പിലെ തന്നെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ലൈസന്‍സ് തരപ്പെടുത്തുന്നതായി കണ്ടത്തെിയിരുന്നു. 800 ദീനാര്‍ വീതം കൈക്കൂലി വാങ്ങി 79 ഡ്രൈവിങ് ലൈസന്‍സുകള്‍ ഇത്തരത്തില്‍ സംഘടിപ്പിച്ചുകൊടുത്തതായി കണ്ടത്തെിയതിനെ തുടര്‍ന്ന് ട്രാഫിക് വകുപ്പിന് കീഴിലെ സര്‍വീസ് സെന്‍ററിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം അബ്ദുല്‍ ഫത്താഹ് അലി പിടികൂടിയിരുന്നു. ഈ ലൈസന്‍സുകള്‍ ഇഷ്യൂ ചെയ്തതിന് ട്രാഫിക് വകുപ്പില്‍ രേഖയോ ഫയലോ ഉണ്ടായിരുന്നില്ല. ഇതുപോലെ നിരവധി ലൈസന്‍സുകള്‍ ഇഷ്യു ചെയ്തിരിക്കാമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം ത്വരിതപ്പെടുത്താനും കര്‍ശന നടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയത്. ട്രാഫിക് വകുപ്പ് ആസ്ഥാനത്ത് മിന്നല്‍ സന്ദര്‍ശനം നടത്തിയ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ പെടുത്തിയതായും ഡ്രൈവിങ് ലൈസന്‍സ് രംഗം ശുദ്ധീകരിക്കുന്നതിന് അദ്ദേഹം പൂര്‍ണ പിന്തുണ അറിയിച്ചതായും അബ്ദുല്‍ ഫത്താഹ് അലി വ്യക്തമാക്കി..
OTHER STORIES IN THIS SECTION