Tue Oct 22 2019 00:03:33 | Last updated 9:34 am
News in Details
വൈദ്യ പരിശോധനയും നിര്‍ബന്ധം; കുടുംബ വിസ പുതുക്കാന്‍ കടമ്പകളേറുന്നു
കുവൈത്ത് സിറ്റി: ഈമാസം ഒന്ന് മുതല്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതോടെ കുവൈത്തില്‍ കുടുംബ വിസ പുതുക്കുന്നതിനുള്ള കടമ്പകള്‍ വര്‍ധിക്കുന്നു. അപ്രതീക്ഷിതമായി കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. കുടുംബ വിസ പുതുക്കുമ്പോള്‍ വിരലടയാള പരിശോധനക്കൊപ്പം വൈദ്യ പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുടുംബ വിസയില്‍ രാജ്യത്ത് താമസിക്കുന്ന വിദേശികളില്‍ ചിലരില്‍ സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയതായ ആരോഗ്യ മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എമിഗ്രേഷന്‍ വകുപ്പ് വിസ പുതുക്കുമ്പോള്‍ വൈദ്യ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നത്. 2011 സെപ്റ്റംബര്‍ മൂന്നിന് മുമ്പ് രാജ്യത്തെത്തുകയും 21 വയസ്സ് പൂര്‍ത്തിയായവരുമായ കുടുംബ വിസയിലുള്ളവര്‍ക്കാണ് ഈമാസം ഒന്ന് മുതല്‍ വൈദ്യ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നത്. 18 വയസ്സ് കഴിഞ്ഞവര്‍ക്ക് വിരലടയാള പരിശോധന നിര്‍ബന്ധമാക്കിയ കാര്യം കഴിഞ്ഞദിവസം ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യമായി കുടുംബ വിസയിലെത്തിയപ്പോള്‍ വിരലടയാള പരിശോധനകള്‍ക്ക് വിധേയമാവാത്തവര്‍ക്കാണ് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍, മുമ്പ് വൈദ്യ പരിശോധന നടത്തിയവരാണെങ്കിലും പുതുക്കുമ്പോള്‍ വീണ്ടും പരിശോധനക്ക് വിധേയമാവണം. 2011 സെപ്റ്റംബര്‍ മൂന്ന് മുതല്‍ കുടുംബ വിസയില്‍ വരുന്ന 18 വയസ്സ് കഴിഞ്ഞവര്‍ക്ക് വിരലടയാള പരിശോധനയും 21 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വൈദ്യ പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇതിനുമുമ്പ് കുവൈത്തിലെത്തിയവര്‍ വിസ പുതുക്കുമ്പോഴാണ് ഇപ്പോള്‍ ഈ പരിശോധനകള്‍ക്ക് വിധേയമാവേണ്ടി വരുന്നത്. വിരലടയാള പരിശോധനാ റിപ്പോര്‍ട്ടിന്‍െറ കാര്യത്തിലേതുപോലെ തന്നെ വൈദ്യ പരിശോധന കഴിഞ്ഞാലും ഓണ്‍ലൈന്‍ ക്ളിയറന്‍സ് ജവാസാത്തില്‍ എത്തിയാല്‍ മാത്രമേ വിസ പുതുക്കിനല്‍കുകയുള്ളൂ. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ മലയാളികളടക്കമുള്ള നിരവധി പ്രവാസികളെ പ്രയാസത്തിലാക്കുന്നുണ്ട്. പുതിയ നിബന്ധനകളറിയാതെ വിസ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജവാസാത്തുകളില്‍ എത്തുന്നവരാണ് വെട്ടിലാവുന്നത്. നിബന്ധനകള്‍ വന്നതോടെ കുടുംബ വിസ പുതുക്കിക്കിട്ടാന്‍ മൂന്നാഴ്ചയിലധികം സമയമെടുക്കുന്നുണ്ട്..
OTHER STORIES IN THIS SECTION