Wed Jul 17 2019 08:20:44 | Last updated 9:34 am
News in Details
കെ.പി.ടി.സി ജീവനക്കാര്‍ സമരത്തിലേക്ക്
കുവൈത്ത് സിറ്റി: വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ പൊതുഗതാഗത ശൃംഖലയായ കുവൈത്ത് പബ്ളിക് ട്രാന്‍സ്പോര്‍ട്ട് കമ്പനി (കെ.പി.ടി.സി) ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു. തങ്ങള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്കുമായി രംഗത്തിറങ്ങുമെന്ന് കെ.പി.ടി.സി ജീവനക്കാരുടെ യൂനിയന്‍ ആണ് വ്യക്തമാക്കിയത്. പത്ത് വര്‍ഷത്തോളമായി ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചിട്ടില്ല എന്ന പരാതിയോടൊപ്പം കെ.പി.ടി.സി ഡയറക്ടര്‍ ജീവനക്കാരോട് ശത്രുതാപരമായി പെരുമാറുന്നു എന്ന ആരോപണവും യൂനിയന്‍ ഉന്നയിക്കുന്നു. രണ്ടു വര്‍ഷത്തിനിടെ 148 സ്വദേശി ജീവനക്കാരെ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പിരിച്ചുവിട്ടുവെന്നും അതില്‍ 27 പേരെ നിലവിലെ ഡയറക്ടര്‍ ആണ് ഒഴിവാക്കിയതെന്നും യൂനിയന്‍ പ്രസിഡന്‍റ് മിശ്അല്‍ അല്‍ ഇന്‍സി ആരോപിച്ചു. ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുവേണ്ടി സ്വദേശികളും വിദേശികളുമായ ജീവനക്കാരെ ഉള്‍പ്പെടുത്തി ബുധനാഴ്ച ചേര്‍ന്ന യൂനിയന്‍ യോഗത്തിലാണ് സമര തീരുമാനമുണ്ടായത്. എന്നാല്‍ സമരം എന്ന് മുതലാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് നടപടിക്ക് ഡയറക്ടര്‍ തന്നെ കൂട്ടുനില്‍ക്കുന്നു, ജീവനക്കാരുടെ കാര്യത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നു തുടങ്ങിയ ആരോപണങ്ങളും യൂനിയന്‍ ഉന്നയിച്ചിട്ടുണ്ട്. മറ്റു സര്‍ക്കാര്‍ വകുപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ ശമ്പളമാണ് കെ.പി.ടി.സി ജീവനക്കാര്‍ക്ക് ലഭിക്കുന്നതെന്നും യൂനിയന്‍ വ്യക്തമാക്കി. യൂനിയന്‍ വൈസ് പ്രസിഡന്‍റ് സഅ്ദൂന്‍ അല്‍ കന്ദരി, സെക്രട്ടറി ഖാലിദ് അല്‍ അവദി തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു..
OTHER STORIES IN THIS SECTION