Tue Nov 12 2019 07:05:26 | Last updated 9:34 am
News in Details
ട്രാന്‍സ്പോര്‍ട്ടിങ് വാന്‍ മറിഞ്ഞ് മലയാളി നഴ്സ് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. മലപ്പുറം നിലമ്പുര്‍ സ്വദേശി ജോസഫ് ജോര്‍ജിന്‍െറ ഭാര്യ റോസമ്മ ജോസഫ് (52) ആണ് മരിച്ചത്. കണ്ണൂര്‍ ഇരിട്ടി വെളിമാനം വള്ളോപ്പിള്ളില്‍ ഉലഹന്നാന്‍െറയും മറിയാമ്മയുടെയും മകളാണ്. നൈറ്റ് ഷിഫ്റ്റില്‍ ഡ്യൂട്ടിയുള്ള നഴ്സുമാരുമായി അബ്ബാസിയയില്‍നിന്ന് ജാബിരിയ മുബാറക് അല്‍ കബീര്‍ ആശുപത്രിയിലേക്ക് പുറപ്പെട്ട സ്റ്റാര്‍ ട്രാവല്‍സിന്‍െറ പത്ത് പേര്‍ക്കിരിക്കാവുന്ന കോസ്റ്റര്‍ വാനാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 9.30 ഓടെ സിക്സ്ത് റിങ് റോഡില്‍ സുര്‍റക്കടുത്തുവെച്ച് മുന്നിലെ ടയര്‍ പൊട്ടി ഡിവൈഡറില്‍ കയറിയ വാന്‍ മൂന്നു വട്ടം മറിയുകയായിരുന്നു. വാഹനത്തില്‍ ഡ്രൈവറെ കൂടാതെ പത്ത് മലയാളി നഴ്സുമാരാണുണ്ടായിരുന്നത്. മരിച്ച റോസമ്മയെ കൂടാതെ സ്മിത റെജി, ബിന്‍സി പി. ചാക്കോ, ആനി, മിനി, ബീന തോമസ്, അനുറോയ്, ഡെയ്സി, ജുജി, ഹെന്നി എന്നിവരാണ് വാനിലുണ്ടായിരുന്നത്. എല്ലാവര്‍ക്കും പരിക്കേറ്റു. തലക്ക് പരിക്കുള്ള മിനി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്. സാരമല്ലാത്ത പരിക്കുകളോടെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാക്കിയുള്ളവരെ ഡിസ്ചാര്‍ജ് ചെയ്തു. ഡ്രൈവര്‍ ഡെന്നിസ് അല്‍ റാസി ആശുപത്രിയില്‍ ചികിത്സയിലാണ്്. വര്‍ഷങ്ങളായി മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു റോസമ്മ. ഭര്‍ത്താവ് ജോസഫ് ജോര്‍ജ് അല്‍ കഹ്റാനി കമ്പനിയില്‍ ജീവനക്കാരനാണ്. മക്കള്‍: ആഷ്ലിന്‍ ജോസഫ് (തിരുവനന്തപുരം ബസേലിയസ് എഞ്ചിനീയറിങ് കോളജ് നാലാം വര്‍ഷ വിദ്യാര്‍ഥി), അന്‍സ ജോസഫ് (അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനി). നിലമ്പൂര്‍ എടക്കര മലങ്കര മാര്‍ത്തോമ്മാ കാത്തലിക് ചര്‍ച്ച് പാരിഷ് അംഗമാണ് റോസമ്മ. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു..
OTHER STORIES IN THIS SECTION