Sat Jul 20 2019 19:30:42 | Last updated 9:34 am
News in Details
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കി
കുവൈത്ത് സിറ്റി: കുടുംബ വിസയില്‍ രാജ്യത്തുള്ള വിദേശികള്‍ക്ക് റസിഡന്‍സ് പുതുക്കുന്നതിന് കടമ്പകളേറുന്നു. കുടുംബ വിസയിലുള്ള 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വിലടയാള പരിശോധനയാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഈമാസം ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ആദ്യമായി കുടുംബ വിസയിലെത്തിയപ്പോള്‍ വിരലടയാള പരിശോധനക്ക് വിധേയമാവാത്തവര്‍ക്കാണ് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് വരെ കുടുംബ വിസയിലെത്തുന്നവര്‍ക്ക് വിരലടയാള പരിശോധനയില്ലായിരുന്നു. അത്തരക്കാരുടെ വിസ പുതുക്കുമ്പോഴാണ് ഇപ്പോള്‍ പരിശോധന നിര്‍ബന്ധം. നേരത്തേ പ്രഖ്യാപിക്കാതെ, അപ്രതീക്ഷിതമായി നടപ്പാക്കിയ പരിഷ്കരണം മലയാളികളടക്കമുള്ള പ്രവാസികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. മിക്കവരും ജവാസാത്തില്‍ എത്തുമ്പോഴാണ് വിലടയാള പരിശോധനയുടെ കാര്യം അറിയുന്നത്. നേരത്തേ ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കിയ ശേഷം സ്പോണ്‍സര്‍ ചെയ്യുന്ന വ്യക്തിക്ക് ജവാസാത്തില്‍ പോയി വിസ സ്റ്റാമ്പ് ചെയ്യാമായിരുന്നു. അതുകൊണ്ടുതന്നെ കുറഞ്ഞ സമയം മാത്രം എടുക്കുന്ന ഈ നടപടിക്രമങ്ങള്‍ വിസ കാലാവധി തീരുന്നതരിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പലരും ചെയ്യാറുണ്ടായിരുന്നത്. എന്നാല്‍, പരിഷ്കരണം വന്നതോടെ ഇതിന് ചുരുങ്ങിയത് 20 ദിവസമെങ്കിലും എടുക്കുന്ന അവസ്ഥയാണ്. കുടുംബ വിസയിലുള്ള 18 വയസ്സിന് മുകളിലുള്ളവരുടെ വിസ പുതുക്കുന്നതിന് ഇപ്പോള്‍ പാസ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയ ശേഷം ഫിംഗര്‍ ഓഫീസില്‍ ചെന്ന് വിരലടയാളം രേഖപ്പെടുത്തണം. അവിടെ നിന്ന് ഓണ്‍ലൈന്‍ ക്ളിയറന്‍സ് വന്നാല്‍ മാത്രമേ ജവാസാത്തില്‍നിന്ന് വിസ പുതുക്കി നല്‍കുകയുള്ളൂ. നിലവില്‍ ഇതിന് രണ്ടാഴ്ചയെങ്കിലും എടുക്കുന്നുണ്ട്. ഇതോടൊപ്പം ജവാസാത്തുകളില്‍ വേണ്ടത്ര ജീവനക്കാര്‍ ഡ്യൂട്ടിക്കില്ലാത്തതും നടപടിക്രമങ്ങള്‍ താമസിക്കാന്‍ കാരണമാവുന്നു. ഭൂരിപക്ഷവും വേനലവധിയിലായതിനാല്‍ കുറഞ്ഞ ജീവനക്കാരാണ് മിക്കയിടത്തും കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുന്നത്. ഇതുമുലം ജവാസാത്തുകളില്‍ നല്ല തിരക്കനുഭവപ്പെടുകയും കാര്യങ്ങള്‍ നടന്നുകിട്ടാന്‍ കാലതാമസമുണ്ടാവുകയും ചെയ്യുന്നതായി അനുഭസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു..
OTHER STORIES IN THIS SECTION