Sat Dec 07 2019 23:02:59 | Last updated 9:34 am
News in Details
സുഹൈല്‍ നക്ഷത്രം വ്യാഴാഴ്ച മാനത്ത്; ഇനി കാലാവസ്ഥാ മാറ്റത്തിന്‍െറ കാലം
കുവൈത്ത് സിറ്റി: അറേബ്യന്‍ ഉപദ്വീപിലെ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം വിളംബരം ചെയ്യുന്ന ‘സുഹൈല്‍’ നക്ഷത്രം ഈമാസം അഞ്ചിന് കുവൈത്തിന്‍െറ മാനത്ത് പ്രത്യക്ഷപ്പെടും. അറേബ്യന്‍ ഉപദ്വീപിന്‍െറ തെക്കുഭാഗത്തെ പ്രദേശങ്ങളില്‍ പതിവുപോലെ ഇക്കുറിയും ആഗസ്റ്റ് 24ന് തന്നെ സുഹൈല്‍ ഉദിച്ചിരുന്നെങ്കിലും കുവൈത്തില്‍ വ്യാഴാഴ്ചയോടുകൂടി മാത്രമേ നക്ഷത്രത്തെ കാണാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രമുഖ ഗോള ശാസ്ത്രജ്ഞന്‍ ആദില്‍ അല്‍ സഅ്ദൂന്‍ കുവൈത്ത് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. കുവൈത്തിന്‍െറ തെക്കന്‍ ചക്രവാളത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.19 ഓടെയാണ് പ്രതീക്ഷയുടെ പൂത്തിരി കത്തിച്ച് സുഹൈല്‍ പ്രകാശിക്കുക. സുഹൈലിന്‍െറ ഉദയത്തോടെ ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂടിന്‍െറ കാഠിന്യം കുറയുകയും ക്രമേണ തണുപ്പിലേക്ക് വഴിമാറുകയും ചെയ്യും. ഒക്ടോബര്‍ 16 വരെ സുഹൈല്‍ മാനത്തുണ്ടാവുന്ന സമയം കാലാവസ്ഥാ മാറ്റത്തിന്‍േറതാവും. സുഹൈലിന്‍െറ ഉദയത്തോടെ രാജ്യത്ത് റുതൂബ അനുഭവപ്പെടുമെന്ന് ആദില്‍ സഅ്ദൂന്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ളീഷില്‍ കനോപസ് എന്നും അല്‍ഫ കറീന എന്നും അറിയപ്പെടുന്ന സുഹൈല്‍ നക്ഷത്രം സൂര്യനും സിറിയസും കഴിഞ്ഞാല്‍ ഏറ്റവും പ്രകാശമുള്ള നക്ഷത്രമായാണ് ശാസ്ത്ര ലോകം കണക്കാക്കുന്നത്. 34ാമത്തെ വലിയ നക്ഷത്ര സമൂഹമായ കറീനയില്‍പ്പെട്ടതാണ് കനോപസ്. പൗരാണിക കാലം മുതല്‍ അറബികള്‍ ചന്ദ്രനെയും ചില നക്ഷത്രങ്ങളെയും അവലംബിച്ചാണ് കാലഗണന നടത്തിവരുന്നത്. അതില്‍ സുപ്രധാന സ്ഥാനമാണ് സുഹൈല്‍ നക്ഷത്രത്തിനുള്ളത്. ചൂട് കൊണ്ട് വിണ്ടുകീറിയ മരുഭൂമിയെ തണുപ്പിക്കാന്‍ വരുന്ന പ്രതീക്ഷയുടെ നക്ഷത്രമായാണ് അവര്‍ ഇതിനെ കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ സുഹൈലിന്‍െറ ഉദയത്തെ ആഘോഷമായി കൊണ്ടാടുന്ന രീതിയും അറബികള്‍ക്കിടയിലുണ്ട്. .
OTHER STORIES IN THIS SECTION