Mon Oct 21 2019 23:45:14 | Last updated 9:34 am
News in Details
സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലത്തെ പരിശോധന സ്വദേശികള്‍ക്ക് മാത്രം
കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ളിനിക്കുകളിലും രാവിലത്തെ പരിശോധന സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന് ആരോഗ്യ മന്ത്രിയുടെ അനുമതി. പരീക്ഷണാര്‍ഥം ജൂണ്‍ ഒന്ന് മുതല്‍ ജഹ്റ ആശുപത്രിയില്‍ നടപ്പാക്കിയ പദ്ധതി വിജയകരമായതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അസ്വബാഹ് എല്ലാ ആശുപത്രികളിലും പുതിയ രീതി നടപ്പാക്കാന്‍ പച്ചക്കൊടി കാണിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. തീരുമാനത്തിന് മന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞെന്നും സാങ്കേതിക പ്രഖ്യാപനം മാത്രമാണ് ശേഷിക്കുന്നതെന്നുമാണ് സൂചന. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കല്‍ സോണ്‍ കൗണ്‍സിലിന്‍െറ അടുത്ത യോഗത്തിനുപിന്നാലെ മന്ത്രിയുടെ പ്രഖ്യാപനമുണ്ടാവും. ഇതുപ്രകാരം രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ളിനിക്കുകളിലും രാവിലെ വിദേശികള്‍ക്കുമാത്രമേ പരിശോധനക്കുള്ള അവസരമുണ്ടാവൂ. വിദേശികള്‍ക്ക് പരിശോധന വൈകീട്ട് മാത്രമായി പരിമിതപ്പെടും. രാവിലെ വിദേശികളുടെ തിരക്ക് മൂലം സ്വദേശികള്‍ക്ക് ആശുപത്രികളിലും ക്ളിനിക്കുകളിലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ചില എം.പിമാരടക്കം പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മന്ത്രാലയം പരിഷ്കരണത്തിന് തുടക്കമിട്ടത്. ഇതിനെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മെഡിക്കല്‍ ഏരിയ കൗണ്‍സില്‍ അംഗീകരിച്ചിരുന്നെങ്കിലും രാജ്യത്തെ ഡോക്ടര്‍മാരുടെ സംഘടനയായ കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ എതിര്‍ത്തിരുന്നു. ഇത് വിദേശികളായ രോഗികളോട് കാണിക്കുന്ന വിവേചനമാണെന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. മര്‍സൂഖ് അല്‍ അസ്മി വ്യക്തമാക്കിയിരുന്നു. രോഗികളുടെ കാര്യത്തില്‍ ഇത്തരം വിവേചനപരമായ രീതികള്‍ സ്വീകരിക്കുന്നത് മെഡിക്കല്‍ അസോസിയേഷന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇത് മുഖവിലക്കെടുക്കാതെ ആരോഗ്യ മന്ത്രാലയം തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു. ജഹ്റ ആശുപത്രിയില്‍ പുതിയ രീതി നടപ്പാക്കിയപ്പോള്‍ സ്വദേശികളില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചതിനൊപ്പം വിദേശികളുടെ ഭാഗത്തുനിന്ന് കാര്യമായ എതിര്‍പ്പുയരാത്തതും പരിഷ്കരണം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചു. .
OTHER STORIES IN THIS SECTION