Sat Jul 20 2019 19:17:40 | Last updated 9:34 am
News in Details
ബൈക്ക് ഡെലിവറിക്കാര്‍ക്കെതിരെയും നടപടി; 23 നിയമ ലംഘകരെ പിടികൂടി
ഖൈത്താന്‍, ജലീബ് അല്‍ ശുയൂഖ്, ഹവല്ലി, ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളില്‍ നടന്ന റെയ്ഡുകളില്‍ നിയമ ലംഘനം നടത്തിയ 23 ബൈക്ക് ഡെലിവറിക്കാരെ പിടികൂടി. ലൈസന്‍സില്ലാതെയും ഹെല്‍മറ്റ് ധരിക്കാതെയും ബൈക്ക് ഓടിച്ചവരാണ് പിടിയിലായത്. വരുംദിവസങ്ങളിലും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ട്രാഫിക് വകുപ്പ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അലി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തിയ 93 വാഹനങ്ങള്‍ പിടികൂടുകയും 31 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 1200 ഓളം നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഇതില്‍ 700 എണ്ണം പിടികൂടിയത് ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍നിന്നാണ്. എമര്‍ജന്‍സി ലൈനുകളില്‍ കൂടി ഓടിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും അബ്ദുല്‍ ഫത്താഹ് അലി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊലീസ്, അഗ്നിശമനസേന, ആംബുലന്‍സ് തുടങ്ങിയവക്ക് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ളതാണ് എമര്‍ജന്‍സി ലൈനുകളെന്നും അവ മറ്റു വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച മുതല്‍ ഇക്കാര്യത്തില്‍ നിയമം കര്‍ശനമായി നടപ്പാക്കാന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികലാംഗരുടെ വാഹനങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ട പാര്‍ക്കിങ് ഏരിയകളില്‍ നിര്‍ത്തിയിടുന്ന മറ്റു വാഹനങ്ങള്‍ക്കെതിരായ നടപടിയും കര്‍ശനമാക്കുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു..
OTHER STORIES IN THIS SECTION