Wed Jul 17 2019 07:26:26 | Last updated 9:34 am
News in Details
കുവൈറ്റില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി പണവും രേഖകളും കവര്‍ന്നു
ഫഹാഹീല്‍: റോഡിലൂടെ നടന്നുപോകുകയായിരുന്ന മലയാളിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി പണവും രേഖകളും കവര്‍ന്ന ശേഷം ഇറക്കിവിട്ടു. വാഹനത്തിലിട്ട് ക്രൂരമായി മര്‍ദിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. കോഴിക്കോട് എലത്തൂര്‍ സ്വദേശി മുഹമ്മദ് നുഫൈലാണ് അക്രമത്തിനിരയായത്. ശനിയാഴ്ച രാവിലെ ഫഹാഹീല്‍ അല്‍ അമല്‍ ക്ളിനിക്കിനടുത്തുവെച്ചാണ് സംഭവം.
ഫഹാഹീലില്‍ ജ്യേഷ്ഠന്റെ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന നുഫൈല്‍ റോഡരികിലൂടെ നടന്നുപോകുമ്പോള്‍ കാറിലെത്തിയ രണ്ടുപേര്‍ സിവില്‍ ഐഡി ആവശ്യപ്പെട്ടു. പൊലീസിന്റെ ബാഡ്ജ് ധരിച്ചാണ് ഇവരെത്തിയത്. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ നുഫൈല്‍ ആവശ്യപ്പെട്ടപ്പോള്‍ ആക്രോശിച്ച് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ കയറിയ നുഫൈലിന്റെ കൈയിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും സംഘം വാങ്ങിയെടുത്തു. ഇന്റര്‍നെറ്റ് ഫോണ്‍ സോഫ്റ്റ്വെയര്‍ ഉണ്ടോയെന്നടക്കം നിരവധി ചോദ്യങ്ങള്‍ ചോദിക്കുകയും മര്‍ദിക്കുകയും ചെയ്തു. സിവില്‍ ഐഡിയും എ.ടി.എം കാര്‍ഡും മറ്റു രേഖകളുമടങ്ങിയ പഴ്സ് സംഘം തട്ടിയെടുത്തു. പോക്കറ്റില്‍ നിന്ന് 580 ദീനാറും കൈക്കലാക്കി. കുറേ ദൂരം വാഹനത്തില്‍ സഞ്ചരിച്ച ശേഷം പിന്നീട് ഇറക്കിവിടുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് ചമഞ്ഞ് പ്രവാസികളെ ആക്രമിച്ച് പണം തട്ടുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപകമാകുന്നത് മലയാളികളടക്കമുള്ളവരുടെ ഭീതി വര്‍ധിപ്പിച്ചിരിക്കുകയാണ്. പൊലീസില്‍ പരാതി നല്‍കിയിട്ടും അക്രമികളെ കണ്ടെത്താന്‍ നടപടികള്‍ ഉണ്ടാകുന്നില്ല..
OTHER STORIES IN THIS SECTION