Sat Dec 07 2019 22:02:28 | Last updated 9:34 am
News in Details
കുവൈറ്റില്‍ സുഹൈല്‍' നക്ഷത്രം ഇന്ന് പ്രത്യക്ഷപ്പെടും; കാലാവസ്ഥാ മാറ്റത്തിന് തുടക്കം
അറേബ്യന്‍ ഉപദ്വീപിലെ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം അറിയിച്ച് 'സുഹൈല്‍' നക്ഷത്രം ശനിയാഴ്ച മാനത്ത് പ്രത്യക്ഷപ്പെടും. കുവൈത്ത് ഗോള ശാസ്ത്ര വിഭാഗം തലവന്‍ ബദര്‍ ഹമൂദ് അല്‍ ഉമൈറയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിന്റെ തെക്കന്‍ ചക്രവാളത്തില്‍ ശനിയാഴ്ച സൂര്യോദയത്തിന് മുമ്പാണ് നക്ഷത്രം പ്രത്യക്ഷപ്പെടുക. പതിവ് തെറ്റിക്കാതെ ഇക്കുറിയും ആഗസ്റ്റ് 24ന് തന്നെയാണ് സുഹൈല്‍ നക്ഷത്രത്തിന്റെ ഉദയം. സുഹൈലിന്റെ ഉദയത്തോടെ ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യം കുറയുമെന്നും ക്രമേണ കുവൈത്ത് ഉള്‍പ്പെടെയുള്ള ഉപദീപിലെ രാജ്യങ്ങള്‍ തണുപ്പിലേക്ക് വഴിമാറുമെന്നും അദ്ദേഹം വിശദീകരിച്ചു. കാലാവസ്ഥ മെച്ചപ്പെടുക, വെള്ളത്തിന് ഇതുവരെ അനുഭവപ്പെട്ട ചൂടില്‍ കുറവ് വരിക, നിഴലിന്റെ നീളം കൂടുക, പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞ് രാത്രിയുടെ ദൈര്‍ഘ്യം കൂടുക തുടങ്ങിയവ സുഹൈലിന്റെ ഉദയത്തോടെ സംഭവിക്കുന്ന പ്രകൃതിയിലെ ചില വ്യതിയാനങ്ങളാണ്.പൗരാണിക കാലം മുതല്‍ അറബികള്‍ ചന്ദ്രനെയും ചില നക്ഷത്രങ്ങളെയും അവലംബിച്ചാണ് കാലഗണന നടത്തിവരുന്നത്. അതില്‍ സുപ്രധാന സ്ഥാനമാണ് സുഹൈല്‍ നക്ഷത്രത്തിനുള്ളത്. ചൂട് കൊണ്ട് വിണ്ടുകീറിയ മരുഭൂമിയെ തണുപ്പിക്കാന്‍ വരുന്ന പ്രതീക്ഷയുടെ നക്ഷത്രമായാണ് അവര്‍ ഇതിനെ കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ സുഹൈലിന്റെ ഉദയത്തെ ആഘോഷമായി കൊണ്ടാടുന്ന രീതിയും അറബികള്‍ക്കിടയിലുണ്ട്. ഇംഗ്ളീഷില്‍ കനോപസ് എന്നും അല്‍ഫ കറീന എന്നും അറിയപ്പെടുന്ന സുഹൈല്‍ നക്ഷത്രം സൂര്യനും സിറിയസും കഴിഞ്ഞാല്‍ ഏറ്റവും പ്രകാശമുള്ള നക്ഷത്രമാണെന്നാണ് ശാസ്ത്ര നിഗമനം..
OTHER STORIES IN THIS SECTION