Mon Oct 21 2019 22:55:12 | Last updated 9:34 am
News in Details
സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടല്‍: വ്യാജ പരാതികള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം
ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമായിരിക്കും പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. പരാതി വ്യാജമാണെന്ന് വ്യക്തമായാല്‍ സ്പോണ്‍സര്‍മാര്‍ക്കെതിരെ കേസെടുക്കും. പുതിയ വിസ ലഭ്യമാകാന്‍ സ്പോണ്‍സര്‍മാര്‍ വ്യാജ ഒളിച്ചോടല്‍ പരാതികള്‍ സമര്‍പ്പിക്കുന്നുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മന്ത്രാലയം പുതിയ സംവിധാനവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രതിദിനം നൂറുകണക്കിന് ഒളിച്ചോടല്‍ പരാതികളാണ് തൊഴില്‍ വകുപ്പിലെത്തുന്നത്. ഇതില്‍ പലതും പുതിയ വിസ നേടാനും തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കാനുമുള്ള വ്യാജ പരാതികളാണെന്ന് വ്യക്തമായിരുന്നു. പുതിയ സംവിധാനമനുസരിച്ച് പരാതി സ്വീകരിക്കാന്‍ പുതിയ നിബന്ധനകള്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരാതി മന്ത്രാലയത്തിന് സമര്‍പ്പിക്കുന്നതിന് മുമ്പ് സ്ഥാപനത്തിന്‍െറ നോട്ടീസ് ബോര്‍ഡില്‍ മൂന്ന് മാസത്തേക്ക് മുഴുവന്‍ തൊഴിലാളികളും കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കണം.
തുടര്‍ന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ മൂന്ന് തവണ പരിശോധനക്ക് വരും. പരാതി സത്യമാണെന്ന് ഇവര്‍ക്ക് ബോധ്യപ്പെട്ടാല്‍ ഇതുസംബന്ധിച്ച രേഖ തൊഴിലുടമക്ക് കൈമാറും. ഈ രേഖയുമായി പൊലീസിനെ സമീപിച്ച് തൊഴിലുടമക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാം. പരാതി വ്യാജമാണെന്ന് തെളിഞ്ഞാല്‍ തൊഴിലുടമക്ക് എതിരെ നടപടിയെടുക്കും. നിലവില്‍ സ്പോണ്‍സറുടെ പരാതി ലഭിച്ചാല്‍ തൊഴിലാളിയെ ആജീവനാന്ത പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തുകയാണ് ചെയ്യുന്നത്്. പുതിയ നിബന്ധന വരുന്നതോടെ വ്യാജ പരാതികള്‍ക്ക് കുറവുവരുത്താന്‍ കഴിയുമെന്നാണ് കരുതുന്നത്..
OTHER STORIES IN THIS SECTION