Mon Oct 21 2019 22:55:07 | Last updated 9:34 am
News in Details
വിസ കച്ചവടക്കാരെ കണ്ടെത്താന്‍ തൊഴില്‍ മന്ത്രാലയം പരിശോധന തുടങ്ങുന്നു
കുവൈത്ത് സിറ്റി: വിസ കച്ചവടം നടത്തി രാജ്യത്തേക്ക് അനധികൃതമായി തൊഴിലാളികളെ എത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്തി നടപടിയെടുക്കാന്‍ സാമൂഹിക- തൊഴില്‍ മന്ത്രാലയം ഒരുങ്ങുന്നു. ഇത്തരക്കാരെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്നുള്ള പരിശോധന ദിവസങ്ങള്‍ക്കകം തുടങ്ങും. നിയമം ലംഘിക്കുന്നതായി കണ്ടെത്തുന്ന കമ്പനികളുടെയും തൊഴിലുടമകളുടെയും ഫയലുകള്‍ തൊഴില്‍ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. ആഭ്യന്തര മന്ത്രാലയം ഇവര്‍ക്കെതിരെ കേസെടുത്ത് തുടര്‍നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ വേഗത്തിലുള്ള നടപടികളാണുണ്ടാവുക. ഇവര്‍ക്ക് പിന്നീട് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാവില്ല. വ്യാജ കമ്പനികളുടെ പേരില്‍ വര്‍ക്ക് പെര്‍മിറ്റുണ്ടാക്കി മനുഷ്യക്കടത്തുകാര്‍ തൊഴിലാളികളെ രാജ്യത്തെത്തിക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് മന്ത്രാലയം നടപടി കര്‍ശനമാക്കുന്നത്. തൊഴിലാളികളില്‍ നിന്ന് വിസക്കായി വന്‍ തുകയാണ് ഇത്തരക്കാര്‍ വാങ്ങുന്നത്. ഇവിടെയെത്തുമ്പോള്‍ ചതി മനസ്സിലാകുമെങ്കിലും ഗത്യന്തരമില്ലാതെ കിട്ടുന്ന ജോലി ചെയ്യാന്‍ തയാറാകും. വിസയില്ലാത്തതിനാല്‍ പരിശോധനയില്‍ പിടിക്കപ്പെടുകയും ചെയ്യും. ഇതിന് പുറമെ വിദേശ തൊഴിലാളികളുടെ എണ്ണം ഘട്ടംഘട്ടമായി കുറക്കാനുള്ള നടപടികളുമായി സാമൂഹിക- തൊഴില്‍ മന്ത്രാലയം മുന്നോട്ടുപോകുകയാണ്. വിദഗ്ധ തൊഴിലാളികള്‍ക്ക് മാത്രം വിസ അനുവദിച്ച് അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനും മന്ത്രിസഭയുടെ തീരുമാനങ്ങള്‍ നടപ്പാക്കാനും ഉടന്‍ പബ്ളിക് അതോറിറ്റി രൂപവത്കരിക്കും. സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം എടുത്തുകളഞ്ഞ് നിയമനങ്ങള്‍ പബ്ളിക് അതോറിറ്റി വഴിയാക്കും. രാജ്യത്തേക്ക് മനുഷ്യക്കടത്ത് നടത്താന്‍ സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം മറയാക്കുന്നുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. രേഖകളില്ലാതെ ജോലി ചെയ്യുന്ന ഒരുലക്ഷം വിദേശികളെ പ്രതിവര്‍ഷം നാടുകടത്താനുള്ള തീരുമാനം സാമൂഹിക- തൊഴില്‍ മന്ത്രി ദിക്റ അല്‍ റശീദി കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. പത്തുവര്‍ഷം കൊണ്ട് രാജ്യത്തെ വിദേശികളുടെ എണ്ണം 10 ലക്ഷമാക്കാനാണ് ലക്ഷ്യമിടുന്നത്. 90,000 അനധികൃത താമസക്കാര്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യാഗിക കണക്ക്. രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന വന്‍കിട പദ്ധതികള്‍ക്കായി ധാരാളം വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ട്. പുതുതായി അനുവദിക്കുന്ന വിസകള്‍ ഇത്തരക്കാര്‍ക്കായി മാത്രം പരിമിതപ്പെടുത്തും. ഇവരെ റിക്രൂട്ട് ചെയ്യുന്നതും വിവിധ സ്ഥലങ്ങളിലേക്ക് നിയോഗിക്കുന്നതും പബ്ളിക് അതോറിറ്റിയായിരിക്കും..
OTHER STORIES IN THIS SECTION