Tue Dec 10 2019 18:56:22 | Last updated 9:34 am
News in Details
വീട്ടുവാടക കുതിച്ചുയരുന്നു; പ്രവാസികള്‍ ആശങ്കയില്‍
കുവൈത്ത് സിറ്റി: രാജ്യത്ത് വീട്ടുവാടക കുതിച്ചുയരുന്നത് പ്രവാസികളടക്കമുള്ള സാധാരണക്കാരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം 27 ശതമാനത്തോളം വര്‍ധനയാണ് വീട്ടുവാടകയില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇതിനനുസരിച്ച് ശമ്പളം വര്‍ധിക്കുന്നുമില്ല. ഇതിന് പുറമെ അവശ്യ സാധനങ്ങളുടെയും മറ്റും വിലക്കയറ്റം പ്രവാസികളുടെ ജീവിതം ദുഷ്കരമാക്കുകയാണ്. കുടുംബത്തോടൊപ്പം താമസിക്കുന്നവരെയാണ് വാടക വര്‍ധന ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ശമ്പളത്തിന്‍െറ വലിയൊരു ഭാഗം വാടകക്കായി ചെലവഴിക്കേണ്ട അവസ്ഥയിലാണിവര്‍. കനത്ത വാടക ഭയന്ന് ഷെയറിങ് അപാര്‍ട്മെന്‍റുകളില്‍ താമസിക്കുന്നവര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിനിടെ വാടക 45 ദീനാര്‍ വരെ വര്‍ധിപ്പിച്ച കെട്ടിട ഉടമകളുണ്ടെന്ന് താമസക്കാര്‍ പറയുന്നു. മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന അബ്ബാസിയ പ്രദേശത്ത് രണ്ടുമുറി ഫ്ളാറ്റിന് ശരാശരി 200 ദീനാര്‍ വരെയാണ് വാടക. കെട്ടിടത്തിന്‍െറ പഴക്കമനുസരിച്ച് വാടകയില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. പുതിയ കെട്ടിടങ്ങളില്‍ കൂടുതല്‍ വാടകയും ഈടാക്കുന്നു.
വാടക ക്രമാതീതമായി വര്‍ധിക്കുന്നത് രാജ്യത്തിന്‍െറ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വാടകയില്‍ 27 ശതമാനം വരെ വര്‍ധനയുണ്ടായെങ്കിലും വളര്‍ച്ചാനിരക്ക് എട്ട് ശതമാനം മാത്രമാണ്. സര്‍ക്കാറിന്‍െറ തെറ്റായ നയങ്ങള്‍ പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമാകുകയാണെന്നാണ് അവര്‍ പറയുന്നത്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു..
OTHER STORIES IN THIS SECTION