Tue Oct 22 2019 00:06:15 | Last updated 9:34 am
News in Details
കുവൈത്ത് : ഭരണപരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിതല പ്രത്യേക സമിതി
അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് നിര്‍ദേശിച്ച ഭരണപരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിതല പ്രത്യേക സമിതിക്ക് ചൊവ്വാഴ്ച അല്‍ സീഫ് പാലസില്‍ ചേര്‍ന്ന മന്ത്രിസഭായോഗം രൂപം നല്‍കി.
ആക്ടിങ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സ്വബാഹ് ഖാലിദ് അല്‍ ഹമദ് അസ്വബാഹിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സമിതിക്ക് രൂപം നല്‍കിയത്. അമീറിന്‍െറ നിര്‍ദേശങ്ങള്‍ പാലിച്ച് വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ പരമാവധി ശ്രമം നടത്തുമെന്ന് യോഗത്തിന് ശേഷം കാബിനറ്റ് കാര്യ- ആരോഗ്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ മുബാറക് അസ്വബാഹ് പറഞ്ഞു. വികസന പദ്ധതികള്‍ ശാസ്ത്രീയവും കാര്യക്ഷമവുമായ രീതിയില്‍ നടപ്പാക്കും. സര്‍ക്കാറിന്‍െറ പ്രകടനം മെച്ചപ്പെടുത്താനും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് സാലിം അബ്ദുല്‍ അസീസ് അല്‍ സൗദ് അസ്വബാഹായിരിക്കും മന്ത്രിതല സമിതിയുടെ അധ്യക്ഷന്‍. അമീറിന്‍െറ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സമിതി പദ്ധതി തയാറാക്കും. കാബിനറ്റ് കാര്യ- ആരോഗ്യ മന്ത്രി, വാണിജ്യ- വ്യവസായ വകുപ്പ് മന്ത്രി, ഇന്‍ഫര്‍മേഷന്‍ മന്ത്രി, ആസൂത്രണ കാര്യ മന്ത്രി തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. പാര്‍ലമെന്‍റിന്‍െറ ഉദ്ഘാടന സെഷനില്‍ അമീര്‍ നടത്തിയ പ്രസംഗം മന്ത്രിസഭ ചര്‍ച്ചക്ക് വിധേയമാക്കി. അമീറിന്‍െറ നിര്‍ദേശങ്ങള്‍ക്ക് ആക്ടിങ് പ്രധാനമന്ത്രി നന്ദി പറഞ്ഞു..
OTHER STORIES IN THIS SECTION