Sat Dec 07 2019 23:04:38 | Last updated 9:34 am
News in Details
അധിനിവേശത്തിന്‍െറ മുറിവുണങ്ങാതെ ഫൈലക ദ്വീപ്
കുവൈത്ത് സിറ്റി: ഇറാഖിന്‍െറ കുവൈത്ത് അധിനിവേശത്തിന് 23 വയസ്സ് പൂര്‍ത്തിയായെങ്കിലും മുറിവുണങ്ങാതെ ഫൈലക ദ്വീപ്. ഏറെ സാംസ്കാരിക പൈതൃകമുറങ്ങുന്ന, കുവൈത്തിന്‍െറ അധീനതയിലുള്ള ഫൈലക ദ്വീപ് ആക്രമണത്തിനുള്ള സൈനിക താവളമായി ഉപയോഗിക്കുകയായിരുന്നു ഇറാഖ്. അധിനിവേശത്തിന്‍െറ ശേഷിപ്പുകളായി വെടിയുണ്ടയേറ്റ് തകര്‍ന്ന കെട്ടിടങ്ങള്‍ ഇവിടെ ഇപ്പോഴും ധാരാളമുണ്ട്. ഇപ്പോള്‍ കുവൈത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഫൈലക ദ്വീപ്.
ഏറെ പുരാതന ചരിത്രമുറങ്ങുന്ന മണ്ണാണ് ഫൈലകയിലേത്. വെങ്കല യുഗ കാലത്തേക്കും ബി.സി 3000ലെ ദില്‍മുന്‍ രാജവംശത്തിലേക്കും വേരുകളുള്ള ഫൈലകയില്‍നിന്ന് ചിരപുരാതനമായ പ്രതിമകള്‍, ആയുധങ്ങള്‍, സീലുകള്‍, സ്റ്റാമ്പുകള്‍, ആഭരണങ്ങള്‍ എന്നിവ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അലക്സാണ്ടര്‍ രാജാവ് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കോട്ടയും ഫൈലകയിലുണ്ട്. മെസപ്പോട്ടേമിയന്‍ സംസ്കാരത്തിന്‍െറ കൂടി ഭാഗമായ ഫൈലകയില്‍ 2000 ലധികം താമസക്കാരും സ്കൂളുകളും ആരാധനാലയങ്ങളും ജംഇയ്യയുമൊക്കെയുണ്ടായിരുന്നു. താമസക്കാരെയെല്ലാം ആട്ടിയോടിച്ച ഇറാഖ് സൈന്യം കുവൈത്ത് മെയിന്‍ ലാന്‍റിനെ ആക്രമിക്കാനുള്ള സൈനിക താവളമായി അവിടം ഉപയോഗിച്ചു. ബീച്ചുകളിലെല്ലാം കുഴിബോംബുകള്‍ സ്ഥാപിച്ചു. വെടിവെപ്പ് പരിശീലനത്തിനായി കെട്ടിടങ്ങള്‍ ഉപയോഗിച്ചു. മലിന ജല നിര്‍ഗമന സംവിധാനവും തകര്‍ത്തു. ഇതിന്‍െറ പുനര്‍നിര്‍മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. പല കെട്ടിടങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. 1991ല്‍ അമേരിക്കന്‍ സഖ്യസേന ഇറാഖി സേനയെ തുരത്തിയതോടെയാണ് ഫൈലക ദ്വീപും സ്വതന്ത്രമായത്..
OTHER STORIES IN THIS SECTION