Tue Nov 12 2019 06:48:24 | Last updated 9:34 am
News in Details
നൂറ്റാണ്ട് പിന്നിട്ട് നായിഫ് പാലസിലെ റമദാന്‍ പീരങ്കി
കുവൈത്ത് സിറ്റി: റമദാനിലെ സന്ധ്യകളില്‍ നിരവധി പേരാണ് പൗരാണികത തുളുമ്പുന്ന നായിഫ് പാലസിന്‍െറ വളപ്പിലെത്തുന്നത്. വര്‍ഷങ്ങളായി റമദാനില്‍ നോമ്പുതുറ സമയം അറിയിച്ചുകൊണ്ട് പീരങ്കി തീ തുപ്പുന്നത് കണ്ടാസ്വദിക്കാന്‍ മാത്രമല്ല അവര്‍ എത്തുന്നത്. അവിടെ മുഴങ്ങുന്ന പാരമ്പര്യത്തിന്‍െറയും സൗഹൃദത്തിന്‍െറയും സന്ദേശത്തിന്‍െറ ഭാഗമാവാന്‍ കൂടി വേണ്ടിയാണ്. റമദാനിലെ പീരങ്കി മുഴക്കം നൂറ്റാണ്ട് പിന്നിട്ട് കുതിക്കുമ്പോള്‍ സമ്പന്നതയുടെയും ആധുനികതയുടെയും കടന്നുകയറ്റത്തിനിടയിലും പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന അറബ് ജനതയുടെ ജീവിതത്തിന്‍െറ പ്രതീകം കൂടിയാണ് ഇഫ്താര്‍ സമയമറിയിച്ച് മുഴങ്ങുന്ന പീരങ്കിശബ്ദം. 1907ല്‍ ശൈഖ് മുബാറക് അസ്വാാഹബിന്‍െറ കാലത്താണ് കുവൈത്തില്‍ റമദാന്‍ പീരങ്കി തീ തുപ്പിത്തുടങ്ങുന്നത്. 1930കളിലൊക്കെ ഫായിദ് എന്നയാള്‍ക്കായിരുന്നു പീരങ്കിയുടെ ചുമതലയെന്ന് ചരിത്രഗവേഷകന്‍ അഹ്മദ് ബിന്‍ ബര്‍ജാസ് പറയുന്നു. പിന്നീട് ഇബ്ന്‍ ഇഖാബ് എന്നയാള്‍ക്കായി ചുമതല. ഇപ്പോള്‍ സൈനിക വിഭാഗമാണ് പീരങ്കി കൈകാര്യം ചെയ്യുന്നത്. കുവൈത്തിലെ പീരങ്കി തീ തുപ്പുമ്പോള്‍ മുഴങ്ങുന്നത് നോമ്പ് തുറക്കാന്‍ സമയമായി എന്ന അറിയിപ്പ് മാത്രമല്ല. കൂടിയാണ്. സൗഹൃദത്തിന്‍െറ കഥയും പറയാനുണ്ട് ഈ പീരങ്കിക്ക്. 1992ല്‍ ബഹ്റൈന്‍ സമ്മാനമായി നല്‍കിയ പീരങ്കിയാണ് ഇപ്പോള്‍ നായിഫ് പാലസില്‍ ഉപയോഗിക്കുന്നത്. ഇംഗ്ളണ്ടില്‍ നിര്‍മിച്ച, 25 പൗണ്ട് ഭാരമുള്ള നിലവിലെ പീരങ്കി ഒരു ഓഫിസറടക്കം മൂന്ന് സേനാംഗങ്ങളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഈ ചടങ്ങ് കാണാന്‍ കുടുംബസമേതം നിരവധി പേര്‍ റമദാന്‍ നാളുകളില്‍ നായിഫ് പാലസ് വളപ്പില്‍ എത്താറുണ്ട്. ഇതിന് സാക്ഷ്യം വഹിക്കാന്‍ ഒരു ദിവസം രണ്ടായിരം പേര്‍ക്ക് മാത്രമാണ് കൊട്ടാരവളപ്പിലേക്ക് പ്രവേശനം അനുവദിക്കുക. ഇവര്‍ക്ക് ഇഫ്താര്‍ വിഭവങ്ങളും നല്‍കും. കുവൈത്ത് ദേശീയ ടെലിവിഷന്‍ ചടങ്ങിന്‍െറ ദൃശ്യങ്ങള്‍ തല്‍സമയം പ്രക്ഷേപണം ചെയ്യുന്നുമുണ്ട്..
OTHER STORIES IN THIS SECTION