Tue Dec 10 2019 19:37:34 | Last updated 9:34 am
News in Details
അബ്ബാസിയയില്‍ വീണ്ടും പൊലീസ് ചമഞ്ഞ് തട്ടിപ്പ്
കുവൈത്ത് സിറ്റി: പരിശോധനയുടെ മറവില്‍ വീണ്ടും തട്ടിപ്പ്. അനധികൃത താമസക്കാര്‍ക്കും ട്രാഫിക് നിയമ ലംഘകര്‍ക്കും വേണ്ടി കുവൈത്ത് അധികൃതര്‍ നടത്തുന്ന പരിശോധനകളില്‍ പ്രവാസി സമൂഹം ആശങ്കയിലായിരിക്കുന്നത് മുതലെടുത്താണ് പൊലീസ് ചമഞ്ഞ് സ്വദേശികളും ബിദൂനികളുമൊക്കെയടങ്ങുന്ന സംഘങ്ങള്‍ തട്ടിപ്പ് വ്യാപകമാക്കിയിരിക്കുന്നത്. വ്യാഴാഴ്ച അബ്ബാസിയയിലാണ് പൊലീസ് ചമഞ്ഞ് രണ്ടു പേര്‍ മലയാളികളുടെ പണം കവര്‍ന്നത്. ഇത്തരത്തില്‍ രണ്ടാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ തട്ടിപ്പാണിത്. അബ്ബാസിയയില്‍ കഴിഞ്ഞ ആഴ്ചകളില്‍ ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയും കോഴിക്കോട് പയ്യോളി സ്വദേശിയും റിഗ്ഗഇയില്‍ മലപ്പുറം തിരുര്‍ സ്വദേശിയും ഇത്തരത്തിലുള്ള തട്ടിപ്പിനിരയായത്
വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഹസാവിയില്‍ കോഴിക്കോട് അത്തോളി സ്വദേശി സുബൈര്‍ ആണ് പൊലീസ് ചമഞ്ഞെത്തിയവരുടെ കവര്‍ച്ചക്കിരയായത്. പച്ചക്കറി മൊത്തമായെടുത്ത് ബഖാലകളിലും മറ്റും സപൈ്ള ചെയ്യുന്ന സുബൈര്‍ അതിനിടെയാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങിയത്. ഹസാവിയില്‍ പച്ചക്കറി വിതരണത്തിനിടെ പൊലീസ് ബോര്‍ഡ് വെച്ച സില്‍വര്‍ ഷെവര്‍ലെ കാറിലെത്തിയ രണ്ടു പേര്‍ പൊലീസാണെന്ന് പറഞ്ഞ് ഇഖാമ പരിശോധിക്കുകയായിരുന്നു. കഴുത്തില്‍ പൊലീസാണെന്നുള്ള കാര്‍ഡും തൂക്കിയിരുന്നു. കൂടെയുള്ള സഹായി ഖാദിം വിസക്കാരനായതിനാല്‍ സുബൈര്‍ ഒന്നു പരുങ്ങുകയും ചെയ്തു. സുബൈറിന്‍െറ ഇഖാമ വിതരണക്കമ്പനിയുടേത് തന്നെയായിരുന്നു. സഹായിയുടെ ഇഖാമക്ക് പ്രശ്നമുണ്ടെന്നും പൊലീസ് സ്റ്റേഷനിലേക്ക് പോവണമെന്നും പറഞ്ഞ് രണ്ടുപേരെയും വാഹനത്തില്‍ കയറ്റി. അതിനിടെ, സുബൈറിന്‍െറ ഫോണ്‍ വാങ്ങിനോക്കി അതിലുള്ള നെറ്റ് ഫോണ്‍ നിയമവിരുദ്ധമാണെന്ന് പറയുകയും ചെയ്തു. വണ്ടിയില്‍വെച്ച് ഇരുവരെയും മര്‍ദിക്കുകയും സുബൈറിന്‍െറ പേഴ്സില്‍നിന്ന് 250 ലേറെ ദീനാര്‍ കവരുകയും ചെയ്തു. ഒടുവില്‍ രണ്ടു പേരെയും വഴിയില്‍ ഇറക്കിവിടുകയായിരുന്നുവെന്ന് സുബൈര്‍ പറഞ്ഞു. അന്നുതന്നെ ജലീബ് ശുയൂഖ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഇന്ത്യന്‍ എംബസി ഹെല്‍പ്പ്ലൈനില്‍ അറിയിക്കുകയും ചെയ്തു..
OTHER STORIES IN THIS SECTION