Tue Dec 10 2019 19:35:04 | Last updated 9:34 am
News in Details
കുവൈത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ജൂലൈ 25ന്
രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് അടുത്ത മാസം 25ന് നടക്കും. ദേശീയ അസംബ്ളിയിലേക്കുള്ള 50 അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള 16ാമത് തെരഞ്ഞെടുപ്പാണ് റമദാന്‍ പകുതിയോടെ അരങ്ങേറുക. ഇന്നലെ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ അല്‍ മുബാറക് അസ്വബാഹിന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ മുബാറക് അസ്വബാഹ് അറിയിച്ചു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പിലൂടെ നിലവില്‍വന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ അപാകത ചൂണ്ടിക്കാണിച്ച് കഴിഞ്ഞദിവസം ഭരണഘടനാ കോടതി പിരിച്ചുവിട്ടിരുന്നു. പാര്‍ലമെന്‍റ് പിരിച്ചുവിട്ടാല്‍ രണ്ടു മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ചട്ടം അനുശാസിക്കുന്നത്. ഇതുപ്രകാരം റമദാന് തൊട്ടുപിന്നാലെ ആഗസ്റ്റ് രണ്ടാം വാരം തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും റമദാനില്‍ തന്നെ നടത്താന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. സാധാരണ ഗതിയില്‍ രാവിലെ എട്ട് മണി മുതല്‍ അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടക്കാറുള്ളത്. റമദാനായതിനാല്‍ ഇതില്‍ മാറ്റമുണ്ടാവുമെന്ന് കരുതുന്നു. എന്നാല്‍, ഇക്കാര്യം മന്ത്രിസഭ വ്യക്തമാക്കിയിട്ടില്ല. അടുത്തയാഴ്ചയോടെ അമീര്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും എന്നാണ് സൂചന. അതോടെ മാത്രമേ സമയത്തിന്‍െറ കാര്യത്തിലും തീരുമാനമാവൂ..
OTHER STORIES IN THIS SECTION