Wed Oct 23 2019 18:44:21 | Last updated 9:34 am
News in Details
വധശിക്ഷക്ക് വിധേയരാവുമെന്ന് പ്രഖ്യാപിച്ചിരുന്ന രണ്ടു ഇന്ത്യക്കാരുടെയും ഒരു പാകിസ്താന്‍ സ്വദേശിയുടെയും ശിക്ഷ റദ്ദാക്കി
തമിഴ്നാട് സ്വദേശികളായ ചെല്ലപ്പന്‍ കാളിദാസ്, സുരേഷ് ഷണ്‍മുഖസുന്ദരം എന്നിവരുടെയും പാകിസ്താന്‍കാരന്‍ മുഹമ്മദ് വഖാസ് അബ്ദുല്‍ മജീദിന്‍െറയും വധശിക്ഷയാണ് അവസാന നിമിഷം ഒഴിവാക്കിയത്. വിവിധ കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ടിരുന്ന ഇന്ത്യക്കാരുടെ വധശിക്ഷ ഒഴിവാക്കുന്നതിനുവേണ്ടി ഇന്ത്യന്‍ എംബസിയും അംബാസഡര്‍ സതീഷ് സി. മത്തേയും സജീവമായി ഇടപെട്ടതിനെ തുടര്‍ന്നാണ് ഫലമുണ്ടായതെന്ന് എംബസി ഇന്‍ഫര്‍മേഷന്‍ ഫസ്റ്റ് സെക്രട്ടറി വിനോദ് കുമാര്‍ അറിയിച്ചു. രണ്ടു ഇന്ത്യക്കാരെ വധശിക്ഷക്ക് വിധേയരാക്കുന്ന വിവരം ഈമാസം 14നാണ് ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചത്. തുടര്‍ന്ന് എംബസി അധികൃതര്‍ ഇവരുടെ ശിക്ഷ ലഘൂകരിക്കുന്നതിനുവേണ്ടി അധികൃതരെ സമീപിക്കുകയായിരുന്നു. കുവൈത്ത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ദയാപൂര്‍ണമായ പെരുമാറ്റം മൂലമാണ് വധശിക്ഷ റദ്ദാക്കിയതെന്നും ഇവരുടെ ശിക്ഷ ലഘൂകരിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എംബസി അധികൃതര്‍ അറിയിച്ചു. ചെല്ലപ്പന്‍ കാളിദാസിന്‍െറയും സുരേഷ് ഷണ്‍മുഖസുന്ദരത്തിന്‍െറയും കുടുംബം കൊല ചെയ്യപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ദിയ (ബ്ളഡ് മണി) നല്‍കാന്‍ തയറായതിനെ തുടര്‍ന്നാണ് വധശിക്ഷ ഒഴിവായതെന്നാണ് വിവരം.
രണ്ടു ഇന്ത്യക്കാരുടെയും ഒരു പാകിസ്താനിയുടെയും രണ്ട് ഈജിപ്തുകാരുടെയും വശിക്ഷയാണ് ഇന്ന് നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ ഇന്ത്യക്കാരും പാകിസ്താനിയുമൊഴികെയുള്ളവരുടെ വധശിക്ഷ ഇന്ന് സെന്‍ട്രല്‍ ജയില്‍ പരിസരത്ത് നടക്കും. നിരവധി കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് ‘ഹവല്ലി പ്രേതം’ എന്ന പേരില്‍ കുപ്രസിദ്ധനായ ഹജ്ജാജ് അല്‍ സഅദിയും ഇന്ന് വധശിക്ഷക്ക് വിധേയനാവുന്നുണ്ട്. അഹ്മദ് അബ്ദുസ്സലാം ആണ് വധശിക്ഷക്ക് വിധേയനാവുന്ന രണ്ടാമത്തെ ഈജിപ്തുകാരന്‍. ആറു വര്‍ഷത്തെ ഇടവേളക്കുശേഷം രണ്ടു മാസം മുമ്പ് കുവൈത്തില്‍ വധശിക്ഷ നടപ്പാക്കിയിരുന്നു. വ്യത്യസ്ത കൊലപാതക കേസുകളില്‍ വധശിക്ഷ വിധിക്കപ്പെട്ട മൂന്നു പേരെയാണ് സെന്‍ട്രല്‍ ജയിലില്‍ ഏപ്രീല്‍ ഒന്നിന് തൂക്കിലേറ്റിയത്. സൗദി പൗരനായ ഫൈസല്‍ അല്‍ ഉതൈബി, ബിദൂനിയായ താഹിര്‍ അല്‍ ഉതൈബി, പാകിസ്താന്‍കാരനായ പര്‍വേസ് ഗുലാം എന്നിവരാണ് ശിക്ഷക്ക് വിധേയരായത്. വധശിക്ഷ ഒഴിവാക്കപ്പെട്ട രണ്ടു ഇന്ത്യക്കാരെയും ഇന്ന് തൂക്കിലേറ്റപ്പെടുന്ന മൂന്ന് പേരെയും മാറ്റിനിര്‍ത്തിയാല്‍ ഇന്നലെ പുതുതായി വധശിക്ഷ വിധിക്കപ്പെട്ട മൂന്നു പേരടക്കം 50 പേര്‍ രാജ്യത്ത് തൂക്കുമരം കാത്തുകഴിയുന്നുണ്ട്. ഇവരില്‍ ചിലരുടെ അപ്പീലുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലും സുപ്രീം കോടതിയും ശരിവെച്ചത് അമീറിന്‍െറ മുമ്പിലുമാണ്..
OTHER STORIES IN THIS SECTION