Sat Dec 07 2019 22:11:41 | Last updated 9:34 am
News in Details
പരിശോധനയുടെ പേരില്‍ മലയാളികള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ തുടരുന്നു.
അനധികൃത താമസക്കാര്‍ക്കും നിയമ ലംഘകര്‍ക്കുംവേണ്ടിയുള്ള പരിശോധനയുടെ പേരില്‍ മലയാളികള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന 47 പേരെ പൊലീസ് പിടിച്ചുകൊണ്ടുപോയി. ഫിര്‍ദൗസ് ബ്ളോക്ക് അഞ്ചില്‍ പട്രോള്‍ പമ്പിന് പിറകിലുള്ള ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന മലയാളികളും ശ്രീലങ്കക്കാരുമടങ്ങിയ സംഘത്തെയാണ് വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ പൊലീസ് പിടിച്ചുകൊണ്ടുപോയതെന്ന് സംഘത്തിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി പറഞ്ഞു. തങ്ങള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ രാവിലെ ഏഴ് മണിയോട് കൂടി പൊലീസ് വണ്ടി വന്ന് ഒന്നു ചുറ്റിക്കറങ്ങിയ ശേഷം നിര്‍ത്തിയിട്ട് അധികം ശബ്ദമുണ്ടാക്കാതെ മാത്രമേ കളിക്കാവൂ എന്ന് നിര്‍ദേശിച്ച് പോയി. പിന്നീട് അര മണിക്കൂറോളം കഴിഞ്ഞപ്പോള്‍ മറ്റൊരു പെലാീസ് വാഹനം വന്ന് എല്ലാവരുടെയും സിവില്‍ ഐഡി വാങ്ങുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതില്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവരും സ്വദേശി വീടുകളില്‍ ജോലി ചെയ്യുന്നവരുമുണ്ടായിരുന്നു. മാസങ്ങളോളമായി ഈ ഗ്രൗണ്ടിലാണ് ഇവര്‍ കളിച്ചുകൊണ്ടിരുന്നത്. പൊലീസ് സ്റ്റേഷനില്‍വെച്ച് ഇവരില്‍ പലരും സ്പോണ്‍സര്‍മാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ശകാരിക്കുകയും അടിക്കുകയും ചെയ്തു. മൂന്ന് മണിക്കൂറോളം ഫിര്‍ദൗസ് പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയശേഷം എല്ലാവരോടും സ്പോണ്‍സര്‍മാരെ വിളിക്കാന്‍ പറഞ്ഞു. ഒരു മണിക്കൂറിനകം സ്പോണ്‍സര്‍ എത്തിയില്ലെങ്കില്‍ ഡീപോര്‍ട്ടേഷന്‍ സെന്‍ററിലേക്ക് മാറ്റുമെന്നും പൊലീസ് ഭീഷണിപ്പെടുത്തി. ചിലരുടെ സ്പോണ്‍സര്‍മാര്‍ എത്തിയപ്പോള്‍ ഇനി കളിക്കരുതെന്ന് താക്കീത് ചെയ്താണ് വിട്ടയച്ചത്. സ്വദേശി വീടുകളില്‍ ജോലി ചെയ്യുന്നവരില്‍ പലരെയും തങ്ങളുടെ അനുമതിയില്ലാതെയാണ് വണ്ടിയെടുത്ത് കളിക്കാന്‍ വന്നതെന്ന് പറഞ്ഞ് സ്പോണ്‍സര്‍മാര്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് തന്നെ മര്‍ദിക്കുകയും ചെയ്തു. സ്പോണ്‍സര്‍മാര്‍ എത്താത്തവര്‍ ഇപ്പോഴും ഫിര്‍ദൗസ് പൊലീസ് സ്റ്റേഷനില്‍തന്നെ തുടരുകയാണെന്നറിയുന്നു.
OTHER STORIES IN THIS SECTION