Wed Jul 17 2019 07:27:29 | Last updated 9:34 am
News in Details
കുവൈത്ത് കുറ്റവാളികളുടെ ശിക്ഷാ ബാക്കി ഇന്ത്യയില്‍ അനുഭവിക്കാന്‍ സൗകര്യം
കുവൈത്ത് സിറ്റി: കുറ്റവാളികളുടെ ശിക്ഷാ ബാക്കി ഇന്ത്യയില്‍ അനുഭവിക്കാന്‍ സൗകര്യം നല്‍കുന്നത് സംബന്ധിച്ച് ഇന്ത്യയും കുവൈത്തും തമ്മില്‍ ചര്‍ച്ച നടത്തി. ഇന്ത്യയില്‍നിന്നെത്തിയ പ്രതിനിധി സംഘവും കുവൈത്ത് നീതിന്യായ മന്ത്രാലയ പ്രതിനിധികളും തമ്മിലാണ് ഇതുസംബന്ധിച്ച കരടുവ്യവസ്ഥകള്‍ക്ക് രൂപംനല്‍കുന്നതിന്‍െറ ഭാഗമായി കൂടിക്കാഴ്ച നടത്തിയത്. കുവൈത്ത് നീതിന്യായ മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി സകരിയ അന്‍സാരിയുടെ നേതൃത്വത്തിലുള്ള സംഘവും ഇന്ത്യന്‍ നീതിന്യായ മന്ത്രാലയവുമായി ബന്ധപ്പെട്ട ഔദ്യാഗിക സംഘവും ഈ വിഷയത്തില്‍ സ്വീകരിക്കാവുന്ന നടപടികളും മറ്റും ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളിലും കോടതിവിധികളുടെ അടിസ്ഥാനത്തില്‍ ശിക്ഷ അനുഭവിക്കുന്നവരെ പരസ്പരം കൈമാറുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തി. മറ്റ് വിദേശ രാജ്യങ്ങളുമായി കുവൈത്ത് നീതിന്യായ മന്ത്രലയത്തിന്‍െറ ബന്ധവും സഹകരണവും ശക്തിപ്പെടുത്തുക എന്നതാണ് ഇത്തരം ചര്‍ച്ചകള്‍കൊണ്ടും കരാറുകള്‍കൊണ്ടും ലക്ഷ്യമിടുന്നതെന്നും സകരിയ അന്‍സാരി പറഞ്ഞു. കുവൈത്തും ഇന്ത്യയും നീതിന്യായ മേഖലയില്‍ ആശയങ്ങളും ചിന്തകളും പരസ്പരം കൈമാറുന്ന കാര്യത്തില്‍ വളരെക്കാലം മുതല്‍ക്ക് ബന്ധം നിലനിര്‍ത്തിപ്പോരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധികളുടെ അടിസ്ഥാനത്തില്‍ ശിക്ഷാകാലാവധി അതത് രാജ്യങ്ങളില്‍ അനുഭവിക്കാന്‍ അവസരം നല്‍കുന്നത് മനുഷ്യാവകാശ സംരക്ഷണവും അവരുടെ കുടുംബങ്ങള്‍ക്ക് തങ്ങളുടെ പൗരന്‍മാരെ സന്ദര്‍ശിക്കാനും മറ്റും അവസരം നല്‍കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ 2007ല്‍ സഹകരണ കരാര്‍ ഒപ്പുവെച്ചിരുന്നു. അതിന്‍െറ തുടര്‍ച്ചയായിരുന്നു ഇപ്പോഴത്തെ ചര്‍ച്ച. ചര്‍ച്ച മുന്നോട്ടുപോവുകയും ശിക്ഷാ കാലാവധി സ്വന്തം രാജ്യത്ത് അനുഭവിക്കാവുന്ന സാഹചര്യം ഉരുത്തിരിയുകയും ചെയ്താല്‍ കുവൈത്ത് ജയിലുകളില്‍ കഴിയുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് അത് ഗുണം ചെയ്തേക്കും. നിലവില്‍ 1161 ഇന്ത്യക്കാര്‍ കുവൈത്ത് ജയിലുകളിലുണ്ട്..
OTHER STORIES IN THIS SECTION