Tue Dec 10 2019 18:57:29 | Last updated 9:34 am
News in Details
ജയിലുകളില്‍ ഇന്ത്യക്കാര്‍ക്ക് പ്രശ്നങ്ങളില്ല -അംബാസഡര്‍
കുവൈത്ത് സിറ്റി: വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിയിലായ ഇന്ത്യക്കാര്‍ കസ്റ്റഡിയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും അനുഭവിക്കുന്നില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ സതീഷ് സി. മത്തേ. പൊലീസ് കസ്റ്റഡിയിലും സി.ഐ.ഡി ഡിറ്റന്‍ഷന്‍ സെന്‍ററിലും ഡീപോര്‍ട്ടേഷന്‍ സെന്‍ററുകളിലുമുള്ള ഇന്ത്യക്കാര്‍ക്ക് അത്യാവശ്യം വേണ്ട സൗകര്യങ്ങളൊക്കെ ലഭിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കിയതെന്ന് അംബാസഡര്‍ വ്യക്തമാക്കി. കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍. എല്ലാ ദിവസവും എംബസി ഉദ്യോഗസ്ഥര്‍ ഡീപോര്‍ട്ടേഷന്‍ സെന്‍റര്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും അവിടെയുള്ള ഒരു ഇന്ത്യക്കാരന്‍ പോലും സൗകര്യങ്ങളെ കുറിച്ച് പരാതി പറഞ്ഞിട്ടില്ലെന്നും അംബാസഡര്‍ വ്യക്തമാക്കി. ഡീപോര്‍ട്ടേഷന്‍ സെന്‍ററില്‍ ചെന്ന താന്‍ 60 ഓളം ഇന്ത്യക്കാരുമായി സംസാരിച്ചുവെന്നും അവരില്‍ ഒരാള്‍ പോലും അവിടത്തെ അസൗകര്യങ്ങളെ കുറിച്ച് പറഞ്ഞില്ലെന്നും എംബസി ചീഫ് വെല്‍ഫയര്‍ ഓഫീസര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു. പരിശോധനകളുടെയും മറ്റും ഭാഗമായി ഇന്ത്യക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക കുവൈത്ത് അധികൃതരുമായുള്ള ചര്‍ച്ചയില്‍ പങ്കുവെച്ചിട്ടുണ്ടെന്നും അവര്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അംബാസഡര്‍ അറിയിച്ചു. കുവൈത്തില്‍ വ്യാപകമായി നടക്കുന്ന റെയ്ഡ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുക, അനധികൃത താമസക്കാര്‍ക്ക് അവരുടെ താമസം നിയമവിധേയമാക്കുന്നതിനോ നടപടിയില്ലാതെ രാജ്യം വിടുന്നതിനോ ചുരുങ്ങിയത് ആറു മാസത്തെ ഇളവ് അനുവദിക്കുക, പിടികൂടിയവരുടെയും നാടുകടത്താനായി ഡീപോര്‍ട്ടേഷന്‍ സെന്‍ററുകളിലുള്ളവരുടെയും വിവരങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറുക, റെയ്ഡുകളുടെ ഭാഗമായി നടക്കുന്നുവെന്ന് പറയപ്പെടുന്ന പീഡനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കുവൈത്ത് അധികൃതരുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത ദിവസം തന്നെ ആഭ്യന്തര മന്ത്രാലയ അധികൃതരുമായും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ള കേന്ദ്ര സംഘമോ മന്ത്രിമാരോ കുവൈത്തിലേക്ക് വരുന്നത് സംബന്ധിച്ച് ഇതുവരെ എംബസിക്ക് വിവരമൊന്നുമില്ലെന്ന് അംബാസഡര്‍ പറഞ്ഞു. ഈ വിഷയത്തില്‍ എംബസിയുമായി ചര്‍ച്ച നടത്താന്‍ കുവൈത്തിലേക്ക് വരാന്‍ ഉദ്ദേശിച്ചിരുന്ന സംസ്ഥാന പ്രവാസി മന്ത്രി കെ.സി. ജോസഫിന്‍െറ യാത്ര മുടങ്ങിയത് എംബസി ക്ളിയറന്‍സ് നല്‍കാത്തതുകൊണ്ടാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെല്ലാം വിദേശകാര്യ മന്ത്രാലയമാണ് തീരുമാനിക്കുന്നത് എന്നായിരുന്നു അംബാസഡറുടെ മറുപടി. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ വിധു പി. നായര്‍, ഇന്‍ഫര്‍മേഷന്‍ ഫസ്റ്റ് സെക്രട്ടറി വിനോദ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു..
OTHER STORIES IN THIS SECTION