Wed Jul 17 2019 07:27:16 | Last updated 9:34 am
News in Details
കുവൈത്തില്‍നിന്ന് 80 പേര്‍ കൂടി; പ്രവാസി തിരിച്ചൊഴുക്ക് തുടരുന്നു
വിസ നിയമലംഘകര്‍ക്കെതിരായ പൊലീസ് നടപടി വ്യാപകമാക്കിയ കുവൈത്തില്‍നിന്നുള്ള പ്രവാസികളുടെ തിരിച്ചൊഴുക്ക് തുടരുന്നു. ശനിയാഴ്ച രണ്ടുവിമാനങ്ങളിലായി എട്ട് മലയാളികള്‍ ഉള്‍പ്പെടെ 80 പേര്‍ ദല്‍ഹി വിമാനത്താവളത്തിലത്തെി. ജയിലുകള്‍ പൊലീസ് പരിശോധനയില്‍ പിടിക്കപ്പെട്ടവരാല്‍ നിറഞ്ഞിരിക്കുകയാണെന്നും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍പേര്‍ തിരിച്ചത്തെുമെന്നും ഇവര്‍ പറഞ്ഞു. ജയിലുകളില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ നരകയാതന അനുഭവിക്കുമ്പോള്‍ ആശ്വാസം പകരാനുള്ള ഇടപെടല്‍ ഇന്ത്യന്‍ എംബസി നടത്തുന്നില്ളെന്ന ആക്ഷേപവും ഇവര്‍ക്കുണ്ട്. മുഹമ്മദ് ഫയാസ്, മഹ്മൂദ് (കണ്ണൂര്‍), റിയാസ്, നഫ്സല്‍ (കോഴിക്കോട്), ഹംസ കബീര്‍ (തൃശൂര്‍), വിജയന്‍ (തിരുവനന്തപുരം), ജലീല്‍ ഹനീഫ (കൊല്ലം), റഫീഖ് (കാസര്‍കോട്) എന്നിവരാണ് ശനിയാഴ്ച ദല്‍ഹിയിലത്തെിയ മലയാളികള്‍. ഇവര്‍ക്ക് നോര്‍ക്ക താമസവും ഭക്ഷണവും ഒരുക്കി. ഇവരെ ട്രെയിന്‍ മാര്‍ഗം ഞായറാഴ്ച നാട്ടിലേക്ക് അയക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എല്ലാ ദിവസവും കുവൈത്തില്‍നിന്ന് നാടുകടത്തപ്പെട്ടവര്‍ ദല്‍ഹിയില്‍ വിമാനമിറങ്ങുന്നുണ്ട്. വിവിധ സംസ്ഥാനക്കാരായ ഇവരുടെ കണക്ക് ശേഖരിക്കാന്‍ സംവിധാനമൊന്നുമില്ല. നാടുകടത്തപ്പെടുന്നവര്‍ കുറെപേര്‍ മുംബൈ വിമാനത്താവളത്തിലേക്കും വരുന്നുണ്ട്. ജയിലില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മലയാളികളില്‍ 140ഓളം പേരെ കഴിഞ്ഞദിവസം മുംബൈയിലേക്ക് കയറ്റിവിട്ടതായി ദല്‍ഹിയിലത്തെിയ മലയാളികള്‍ പറഞ്ഞു. വീട്ടുവേലക്കുള്ള 20ാം നമ്പര്‍ ഖാദിം വിസയില്‍ വന്ന് മറ്റ് ജോലികള്‍ ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പൊലീസ് പരിശോധനയെന്നാണ് കുവൈത്ത് വിശദീകരിക്കുന്നത്. എന്നാല്‍, സ്വന്തം സ്പോണ്‍സര്‍ക്ക് കീഴില്‍ ജോലിചെയ്യുന്നവരെയടക്കം പിടിച്ച് നാടുകടത്തുകയാണ് പൊലീസ് ചെയ്യുന്നതെന്ന് ദല്‍ഹിയിലത്തെിയവര്‍ പറഞ്ഞു. നിയമലംഘകര്‍ അല്ലാത്തവര്‍ക്ക് പേടിക്കാനില്ളെന്ന് മന്ത്രിമാര്‍ പറയുന്നത് കഥയറിയാതെയാണ്. കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റുകള്‍ പോലും പാതിരാത്രി റെയ്ഡ് ചെയ്യുന്നു. പ്രവാസി കുടുംബങ്ങളടക്കം കടുത്ത ഭീതിയിലാണ്. നാട്ടിലേക്ക് കയറ്റിവിടാന്‍ പാസ്പോര്‍ട്ടിന് പകരമുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനപ്പുറം ഇടപെടല്‍ എംബസി അധികൃതര്‍ നടത്തിയിട്ടില്ല. ജലീബ്, ശുവൈഖ് എന്നീ ജയിലുകളില്‍ സ്ഥിതി ദയനീയമാണ്. സ്കൂള്‍ ജയിലാക്കി മാറ്റിയ ഇവിടെ ഒരു ക്ളാസ് റൂമില്‍ 100ലേറെ പേരെയാണ് കുത്തിനിറച്ചിരിക്കുന്നത്. കിടക്കാനിടമില്ല. പ്രാഥമികാവശ്യത്തിനു പോലും സൗകര്യമില്ല. പിടികൂടുന്നവരുടെ ഫോണ്‍ പൊലീസ് പിടിച്ചുവാങ്ങി നശിപ്പിക്കുന്നു. അതിനാല്‍, പിടിയിലായ വിവരം സ്പോണ്‍സറെയോ ബന്ധുക്കളെയോ അറിയിക്കാനാവുന്നില്ളെന്നും തിരിച്ചത്തെിയവര്‍ ചൂണ്ടിക്കാട്ടി. വിരലടയാളമെടുത്ത് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കയറ്റിവിടുന്നത് എന്നതിനാല്‍ ഇവര്‍ക്ക് ഇനി കുവൈത്തിലേക്ക് മറ്റൊരു വിസയില്‍ മടങ്ങാനുമാവില്ല..
OTHER STORIES IN THIS SECTION