Tue Dec 10 2019 18:57:18 | Last updated 9:34 am
News in Details
സ്വകാര്യ വാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നവരെ നാടുകടത്തും -ട്രാഫിക് വകുപ്പ്
കുവൈത്ത് സിറ്റി: സ്വകാര്യ വാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നവരെ നാടുകടത്തുമെന്ന് ട്രാഫിക് വകുപ്പ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്്ദുല്‍ ഫത്താഹ് അലിയുടെ മുന്നറിയിപ്പ്. ഇത് ട്രാഫിക് നിയമ ലംഘനമാണെന്നും അതുകൊണ്ടുതന്നെ മറ്റു നിയമ ലംഘനങ്ങള്‍ക്കൊപ്പം ഇത്തരക്കാരെയും നാടുകടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മോഷണം പോയ വാഹനങ്ങളും വിവിധ കേസുകളില്‍ ട്രാഫിക് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വാഹനങ്ങളും കണ്ടുപിടിക്കുന്നതിനായി ട്രാഫിക് വകുപ്പിനെ കസ്റ്റംസ് വകുപ്പുമായി ബന്ധിക്കുമെന്നും രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങളുടെ വിശദ വിവരങ്ങള്‍ പരസ്പരം കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രാഫിക് നിയ ലംഘനങ്ങളുടെ പേരിലുള്ള പിഴകള്‍ എത്രയും പെട്ടെന്ന് അടക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. വിദേശികളുടെ പേരില്‍ നിലവില്‍ ആറ് മില്യന്‍ ദീനാര്‍ പിഴയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 80 ദീനാറിന് മുകളിലുള്ള ട്രാഫിക് പിഴകള്‍ എത്രയും പെട്ടന്ന് അടക്കണമെന്നും അല്ലാത്തപക്ഷം അവരുടെ ഫയലുകള്‍ ട്രാഫിക് കോടതിയിലേക്ക് റഫര്‍ ചെയ്യാന്‍ നീക്കമാരംഭിച്ചിട്ടൂണ്ടെന്നും അടക്കാത്ത പക്ഷം അവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെയും വൈകുന്നേരവുമായി ഗവര്‍ണറേറ്റുകളിലെ ട്രാഫിക് വകുപ്പ് കേന്ദ്രങ്ങളിലോ സര്‍വീസ് സെന്‍ററുകളിലോ സര്‍ക്കാര്‍ മാളുകളിലോ എയര്‍പോര്‍ട്ടിലോ ആഭ്യന്തര വകുപ്പിന്‍െറ വെബ്സൈറ്റ് വഴിയോ ട്രാഫിക് പിഴ അടക്കാമെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിലും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ട്രാഫിക് പരിശോധന ശക്തമായി തുടരുമെന്ന് വ്യക്തമാക്കിയ അബ്ദുല്‍ ഫത്താഹ് അലി ഒരു മാസത്തിനുള്ളില്‍ നിരീക്ഷണ കാമറകള്‍ വഴി 12,000 നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ക്കെതിരെ ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്നും വ്യക്തമാക്കി. ട്രാഫിക് വകുപ്പ് സ്വീകരിക്കുന്ന നടപടികളില്‍ ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കാമെന്നും അബ്്ദുല്‍ ഫത്താഹ് അലി പറഞ്ഞു..
OTHER STORIES IN THIS SECTION