Sat Jul 20 2019 18:42:46 | Last updated 9:34 am
News in Details
ജലീബ് അല്‍ ശുയൂഖിലെ ഗാര്‍ഹിക തൊഴിലാളി ഷെല്‍ട്ടര്‍ ഉടന്‍ തുറക്കും
കുവൈത്ത് സിറ്റി: സ്പോണ്‍സര്‍മാരുടെ പീഡനത്തിന് ഇരയാകുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ജലീബ് അല്‍ ശുയൂഖില്‍ തുടങ്ങുന്ന ഷെല്‍ട്ടര്‍ ഉടന്‍ തുറക്കുമെന്ന് സാമൂഹിക, തൊഴില്‍ മന്ത്രാലയം അറിയിച്ചു. അഭയം നല്‍കുന്ന ഗാര്‍ഹിക തൊഴിലാളികളെ പരിചരിക്കാന്‍ യോഗ്യതയുള്ള കൗണ്‍സിലര്‍മാരെ നിയമിക്കുകയും വൈദ്യുതി സജ്ജീകരണം പൂര്‍ത്തിയാവുകയും ചെയ്താലുടന്‍ അഭയ കേന്ദ്രം തുറക്കാനാവുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. നിര്‍മാണം പൂര്‍ത്തിയായ ഷെല്‍ട്ടര്‍ കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ദൂസരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ജലീബിലെ പഴയ സ്കൂള്‍ കെട്ടിടം ഏറ്റെടുത്ത് നവീകരിച്ചാണ് ഷെല്‍ട്ടര്‍ ഒരുക്കിയിരിക്കുന്നത്. ഏഴു ലക്ഷം ദീനാര്‍ ചെലവില്‍ നിര്‍മിച്ച ഷെല്‍ട്ടറില്‍ 900 പേരെ താമസിപ്പിക്കാനാവും. അന്തേവാസികള്‍ക്ക് താമസിക്കാനും ചികിത്സക്കുമുള്ള സൗകര്യങ്ങള്‍ക്ക് പുറമെ റസ്റ്റോറന്‍റ്, തിയറ്റര്‍ തുടങ്ങിയവയുമുണ്ട്. തൊഴില്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള നിയമസഹായം ലഭ്യമാക്കാനുള്ള ഉദ്യോഗസ്ഥരും ഷെല്‍ട്ടറിലുണ്ടാവും. സ്ത്രീകളെയും പുരുഷന്മാരെയും വെവ്വേറെ താമസിപ്പിക്കാനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഇവിടെയുണ്ടാവും. ശാരീരികവും മാനസികവുമായ പീഡനങ്ങളാല്‍ സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് അഭയം നല്‍കുക എന്ന് തൊഴില്‍ മന്ത്രലായം അറിയിച്ചു. ഇവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി വിവിധ മന്ദൂബുകളുടെ സേവനം മന്ത്രാലയം ലഭ്യമാക്കും. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി കേസുകള്‍ നടത്താനും നീതിന്യായ മന്ത്രാലയത്തിന്‍െറ കീഴിലും ഫിംഗര്‍ പ്രിന്‍റ് എടുക്കുന്നതിന് വേണ്ടി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലും സാമൂഹിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന് കീഴിലും പ്രാഥമിക പരിശോനധനകള്‍ നടത്തുന്നതിന് വേണ്ടി ആരോഗ്യ മന്ത്രാലയത്തിന് കീഴിലും എംബസികളുമായി ബന്ധപ്പെടുന്നതിന് വേണ്ടി വിദേശകാര്യ മന്ത്രാലയത്തിന് കീഴിലും മന്ദൂബുകളുടെ സേവനം ഷെല്‍ട്ടറില്‍ ലഭ്യമാക്കും. നിലവില്‍ തൊഴില്‍ വകുപ്പിന്‍െറ കീഴില്‍ നിലവില്‍ ഖൈത്താനില്‍ ഒരു ഷെല്‍ട്ടര്‍ മാത്രമാണുള്ളത്. 60 ഓളം പേരെ താമസിപ്പിക്കാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. ഇത് അപര്യാപ്തമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ജലീബില്‍ പുതിയ ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ ഇന്ത്യന്‍ എംബസിയടക്കം വിവിധ രാജ്യങ്ങളുടെ എംബസികളില്‍ സ്പോണ്‍സര്‍മാരുടെ പീഡനം സഹിക്കവയ്യാതെ എത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അഭയം തേടിയെത്തുന്നവരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇവ ഒട്ടും പര്യാപ്തമല്ല. മാത്രവുമല്ല, ചില എംബസികളില്‍ ഈ സംവിധാനം തന്നെയില്ല. ഇത് കണക്കിലെടുത്താണ് മന്ത്രാലയത്തിന്‍െറ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൂടുതല്‍ പേരെ ഉള്‍കൊള്ളാനാവുന്ന ഷെല്‍ട്ടര്‍ തുടങ്ങാന്‍ തൊഴില്‍ വകുപ്പ് തീരുമാനിച്ചത്. എന്നാല്‍, സ്പോണ്‍സര്‍മാരുടെ വീടുകളില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് നേരിട്ട് ഇവിടെ അഭയം തേടിയെത്താനാവില്ല. പൊലീസില്‍ പരാതി നല്‍കുകയും അവര്‍ കൊണ്ടുചെന്നാക്കുകയും ചെയ്താല്‍ മാത്രമേ ഷെല്‍ട്ടറില്‍ പ്രവേശനം ലഭിക്കുകയുള്ളൂ..
OTHER STORIES IN THIS SECTION