Sat Jul 20 2019 18:42:26 | Last updated 9:34 am
News in Details
ദിനാറിന് 200 രൂപയും കടന്ന് കുതിക്കുന്നു വിനിമയ നിരക്കില്‍ റെക്കോഡ്
കുവൈത്ത് സിറ്റി: ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കനത്ത തിരിച്ചടിയേകി രാജ്യാന്തര വിപണിയില്‍ രൂപ വന്‍ മൂല്യത്തകര്‍ച്ച നേരിടുമ്പോള്‍ കുവൈത്തിലെ പ്രവാസികള്‍ക്ക് സന്തോഷം പകര്‍ന്ന് വിനിമയ നിരക്ക് കുതിക്കുന്നു. ദിനാറിന് 200 രൂപയും കടന്ന് നിരക്ക് കുതിക്കുമ്പോള്‍ ഇത് ശാശ്വതമല്ലെന്നും യഥാര്‍ഥത്തില്‍ സാമ്പത്തിക രംഗത്തിന് ഇത് നല്ലതല്ലെന്നുമുള്ള നിരീക്ഷണങ്ങളൊക്കെ ഉയരുന്നുണ്ടെങ്കിലും സാധാരണക്കാരായ പ്രവാസികള്‍ ആഹ്ളാദിക്കുകയാണ്. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ദീനാറിന് 200 രൂപ എന്ന മന്ത്രിക സംഖ്യയും പിന്നിട്ട് വിനിമയ നിരക്ക് കുതിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് അവസാനത്തിലും ദീനാറിന് 200 രൂപക്ക് മുകളിലെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ നിരക്ക് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യതയെന്നും 210 വരെയെങ്കിലും എത്തുമെന്നാണ് കരുതുന്നതെന്നും സാമ്പത്തിക രംഗത്തെ വിദഗ്ധരും മണി എക്സ്ചേഞ്ച് രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വിനിമയ നിരക്ക് ഇനിയും കൂടുമെന്ന് തന്നെയാണ് സൂചന. രണ്ടു വര്‍ഷത്തിനിടെ ഇടക്കിടെ വിനിമയ നിരക്ക് ദീനാറിന് 190 കടന്നിട്ടുണ്ടെങ്കിലും അത് പെട്ടെന്ന് തന്നെ കുറയുകയായിരുന്നു പതിവ്. എന്നാല്‍, ഇത്തവണ ഒരു മാസത്തിനടുത്തായി 190ന്‍െറ പരിസരങ്ങളില്‍നിന്ന നിരക്ക് പൊടുന്നനെ കുതിച്ച് 195ഉം പിന്നിട്ട് 200ല്‍ തൊടുകയായിരുന്നു. സമീപ വര്‍ഷങ്ങളിലായി ഉയരുന്ന വിനിമയ നിരക്കില്‍ വ്യാഴവട്ടത്തിനിടയില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 2000 ല്‍ ദീനാറിന് 140 മാത്രമായിരുന്നതാണ് കുറച്ചുകാലമായി ശരാശരി 170-180 ലെത്തിയത്. അതിനപ്പുറത്തേക്കുള്ള ഉയര്‍ച്ച ഇടക്കിടെയുണ്ടാവാറുണ്ടെങ്കിലും അടുത്തകാലം വരെ ഈ രംഗത്തെ വിദഗ്ധര്‍ പോലും പ്രവചിക്കാത്തതാണ് ഇപ്പോഴത്തെ വന്‍ കുതിപ്പ്. കിട്ടുന്ന സംഖ്യ കഴിയുന്നത്ര നാട്ടിലേക്കയക്കുന്ന സാധാരണക്കാരും ഇടത്തരക്കാരുമാണ് വിനിമയ നിരക്കിലെ വന്‍ കുതിപ്പ് ഏറെ അനുഗ്രഹമായിരിക്കുന്നത്. മിക്കവര്‍ക്കും ശമ്പളം കിട്ടുന്ന മാസവസാനം കുതിപ്പ് തുടങ്ങിയിരുന്നതിനാല്‍ തന്നെ ഇതിന്‍െറ നേട്ടം പരമാവധി മുതലാക്കാനായി പണം നാട്ടിലേക്കായക്കാതിരുന്നവരൊക്കെ ഇപ്പോള്‍ അയച്ചുതുടങ്ങിയിട്ടുണ്ട്. ബാങ്കില്‍ നിന്നും ലോണെടുത്തും കടം വാങ്ങിയും വരെ നാട്ടിലേക്ക് പണമയക്കുന്നുണ്ട് പലരും. അതുകൊണ്ടുതന്നെ മണി എക്സ്ചേഞ്ചുകളില്‍ നല്ല തിരക്കനുഭവപ്പെടുന്നുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ച തിരിച്ചടിയാണെങ്കിലും നാട്ടിലെ ബാങ്കുകളും ഇത് മുതലെടുക്കാനുള്ള ശ്രമം നടത്തുന്നു. എസ്.എം.എസ് വഴിയും ഇ മെയില്‍ വഴിയും കൂടുതല്‍ പണം അയക്കുന്നതിന് അവര്‍ പ്രവാസികളായ അക്കൗണ്ട് ഉടമകളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഏതായാലും ഉടന്‍ നിരക്ക് കുറയാതിരിക്കട്ടെ എന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍..
OTHER STORIES IN THIS SECTION