Wed Jul 17 2019 08:27:52 | Last updated 9:34 am
News in Details
മന്ത്രി കെ.സി ജോസഫ് കുവൈത്തിലേക്കില്ല
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കിയതോടെ മലയാളികള്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന പശ്ചാത്തലത്തില്‍ കുവൈത്ത് സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് വരുന്നില്ല. കുവൈത്ത് സന്ദര്‍ശനം തല്‍ക്കാലമില്ലെന്ന് ഇപ്പോള്‍ സൗദി അറേബ്യയിലുള്ള മന്ത്രി വ്യക്തമാക്കി. തന്‍െറ പാസ്പോര്‍ട്ട് സൗദി വിസക്കുവേണ്ടി സൗദി എംബസിയിലായിരുന്നുവെന്നതിനാല്‍ കുവൈത്ത് വിസക്ക് ശ്രമിക്കാന്‍ സമയമുണ്ടായിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് ക്ളിയറന്‍സ് കിട്ടിയില്ലെന്നും മന്ത്രി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മന്ത്രിയുടെ സന്ദര്‍ശനത്തിന് കുവൈത്തിലെ ഇന്ത്യന്‍ എംബസി ക്ളിയറന്‍സ് നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുവൈത്തില്‍നിന്ന് വിദേശ തൊഴിലാളികളെ നിയമ ലംഘനത്തിന്‍െറ പേരില്‍ കൂട്ടത്തോടെ നാട്ടിലേക്കയക്കുന്ന സാഹചര്യത്തില്‍ മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയാണ് പ്രവാസികാര്യ മന്ത്രിയെ കുവൈത്തിലേക്ക് അയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. കുവൈത്തിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി മലയാളികളുടെ കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. സൗദി സന്ദര്‍ശനത്തിനുശേഷം നാളെയായിരുന്നു മന്ത്രി കുവൈത്തിലെത്തേണ്ടിയിരുന്നത്. എന്നാല്‍, കുവൈത്തിലെ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ വരുന്നതില്‍ കാര്യമില്ല എന്നതാണ് ഇന്ത്യന്‍ എംബസിയുടെ നിലപാട്. ഇതുകൊണ്ടാണ് മന്ത്രി തന്നെ വ്യക്തമാക്കിയതുപോലെ വിദേശ മന്ത്രാലയം ക്ളിയറന്‍സ് നല്‍കാതിരുന്നത് എന്നാണറിയുന്നത്. പ്രശ്നം രൂക്ഷമായിത്തുടങ്ങിയ കഴിഞ്ഞയാഴ്ച സംസ്ഥാന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രണ്ടു ദിവസം കുവൈത്തിലുണ്ടായിരുന്നിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനായിരുന്നില്ല. എംബസിയുടെ ചുമതലയുള്ള മലയാളി ഉദ്യോഗസ്ഥനുമായി ഫോണില്‍ സംസാരിച്ചതല്ലാതെ എംബസി അധികൃതരുമായി ഔദ്യാഗിക ചര്‍ച്ചകള്‍ക്കൊന്നും ആഭ്യന്തര മന്ത്രിക്ക് അവസരം ലഭിച്ചിരുന്നില്ല. അതേസമയം, കേന്ദ്ര സര്‍ക്കാറിന്‍െറ പ്രതിനിധികളാരും ഇക്കാര്യത്തില്‍ കുവൈത്തിലേക്ക് വരാന്‍ നിലവില്‍ തീരുമാനമുണ്ടായിട്ടുമില്ല. വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് കഴിഞ്ഞ ദിവസങ്ങളില്‍ ബഹ്റൈനും യു.എ.ഇയും സന്ദര്‍ശിച്ചിരുന്നുവെങ്കിലും കുവൈത്തിലേക്ക് വരാതെ മടങ്ങി. വിദേശകാര്യ സഹമന്ത്രിയെ കൂടാതെ പ്രവാസികാര്യ മന്ത്രി സ്ഥാനത്തും മലയാളി തന്നെയായ വയലാര്‍ രവി കൂടിയുണ്ടായിട്ടും ഇറാഖ് അധിനിവേശ കാലത്തിനുശേഷം കുവൈത്ത് മലയാളികള്‍ ഏറെ പ്രയാസമനുഭവിക്കുന്ന ഈ ഘട്ടത്തിലും ഇവരാരും പ്രശ്ന പരിഹാര ശ്രമങ്ങളുമായി എത്താത്തത് പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. അതിനിടെയാണ് ഔദ്യാഗികമായി കാര്യമായൊന്നും ചെയ്യാനാവില്ലെങ്കിലും മലയാളികളുടെ കാര്യം അന്വേഷിക്കാനായി മുഖ്യമന്ത്രി നിശ്ചയിച്ച സംസ്ഥാന പ്രവാസികാര്യ മന്ത്രിയുടെ സന്ദര്‍ശനവും റദ്ദായിരിക്കുന്നത്..
OTHER STORIES IN THIS SECTION