Wed Oct 16 2019 18:13:49 | Last updated 9:34 am
News in Details
‘കുവൈത്ത് ടവറിന് അപകട ഭീഷണിയില്ല; അടച്ചത് അറ്റകുറ്റപ്പണിക്ക്
കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ അഭിമാന സ്തംഭമായി നിലകൊള്ളുന്ന കുവൈത്ത് ടവര്‍ അടച്ചിട്ടത് അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണെന്നും ടവറിന് ഒരു വിധത്തിലുള്ള അപകട ഭീഷണിയുമില്ലെന്നും ടവറിന്‍െറ നടത്തിപ്പ് ചുമതലയുള്ള ടൂറിസ്റ്റിക് എന്‍റര്‍പ്രൈസസ് കമ്പനി ഡെപ്യൂട്ടി ചെയര്‍മാന്‍ ഖാലിദ് അബ്ദുല്‍ ഗാനിം അറിയിച്ചു. കുവൈത്ത് ടവര്‍ അപകട ഭീഷണിയിലാണെന്നും പൊളിഞ്ഞുവീഴാറായെന്നുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ വഴി പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ടവറിന്‍െറ പുറംഭാഗങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടത് കോണ്‍ക്രീറ്റ് നിര്‍മാണങ്ങള്‍ക്ക് പഴക്കമേറുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും അത് പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അബ്ദുല്‍ ഗാനിം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഏപ്രീല്‍ 12നാണ് ടവര്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടത്. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രം കൂടിയായ കുവൈത്ത് ടവറില്‍ ജല-വൈദ്യുത കാര്യങ്ങളുമായി ബന്ധപ്പെട്ട പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തുന്നതിനുവേണ്ടിയായിരുന്നു ഇത്. ഇത് കൂടാതെ ടവറിന്‍െറ ഗ്ളാസുകള്‍, എയര്‍ കണ്ടീഷന്‍ സംവിധാനം, അലങ്കാരങ്ങള്‍ തുടങ്ങിയവയും നവീകരിക്കുന്നുണ്ട്. നിര്‍മാണ-പുനരുദ്ധാരണ പ്രവര്‍ത്തികള്‍ കഴിഞ്ഞ ഉടന്‍ തന്നെ സന്ദര്‍ശകരെ സ്വീകരിച്ചുതുടങ്ങുമെന്നും സ്വദേശികളും വിദേശികളുമുള്‍പ്പെടെ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും അബ്ദുല്‍ ഗാനിം കൂട്ടിച്ചേര്‍ത്തു..
OTHER STORIES IN THIS SECTION