Fri Jul 10 2020 10:05:06 | Last updated 9:34 am
News in Details
പൊതുമാപ്പ് പരിഗണനയില്‍ -കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് താമസം നിയമവിധേയമാക്കുന്നതിനോ നടപടിയില്ലാതെ രാജ്യം വിടുന്നതിനോ അവസരം നല്‍കുന്നതിനുവേണ്ടി പൊതുമാപ്പ് പ്രഖ്യാപിക്കുന്ന കാര്യം സര്‍ക്കാറിന്‍െറ പരിഗണനയിലെന്ന് ആഭ്യന്തര വകുപ്പ്. കര്‍ശന ഉപാധികളോടെ പൊതുമാപ്പ് പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ആഭ്യന്തര വകുപ്പ് അസി. അണ്ടര്‍ സെക്രട്ടറി ശൈഖ് ഫൈസല്‍ നവാഫ് അസ്വബാഹ് ആണ് വ്യക്തമാക്കിയത്. എന്നാല്‍, പൊതുമാപ്പ് എപ്പോള്‍ മുതല്‍ പ്രഖ്യാപിക്കുമെന്നോ എന്നുവരെയുണ്ടാവുമെന്നോ വ്യക്തമാക്കാന്‍ ശൈഖ് ഫൈസല്‍ തയാറായില്ല. അനധികൃത താമസക്കാര്‍ക്കുവേണ്ടിയുള്ള റെയ്ഡുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്‍െറ കീഴില്‍ വ്യാപകമാക്കി തുടങ്ങിയ സമയത്തുതന്നെ പൊതുമാപ്പ് പ്രഖ്യാപിച്ചേക്കുമെന്ന വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും ഔദ്യാഗിക തലത്തിലുള്ള ആരും അക്കാര്യം പറഞ്ഞിരുന്നില്ല. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ പാസ്പോര്‍ട്ട് വിഭാഗം അണ്ടര്‍ സെക്രട്ടറിയായ ശൈഖ് ഫൈസല്‍ ഇക്കാര്യം സൂചിപ്പിച്ചതോടെ പൊതുമാപ്പ് യാഥാര്‍ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. രണ്ടു വര്‍ഷം മുമ്പാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. 2011 മാര്‍ച്ച് ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള പൊതുമാപ്പ് അന്ന് രാജ്യത്തുണ്ടായിരുന്ന അനധികൃത താമസക്കാരില്‍ 25 ശതമാനത്തോളം പേര്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇതില്‍ 15,000ത്തോളം പേര്‍ ഇന്ത്യക്കാരായിരുന്നു. നിലവില്‍ ലക്ഷത്തിലധികം അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് എമിഗ്രേഷന്‍ വകുപ്പിന്‍െറ കണക്ക്. 24,000 പേരുമായി ബംഗ്ളാദേശും 22,000 പേരുമായി ഇന്ത്യയുമാണ് ഇക്കാര്യത്തില്‍ മുന്‍നിരയില്‍..
OTHER STORIES IN THIS SECTION