Sat Dec 07 2019 22:46:20 | Last updated 9:34 am
News in Details
വിദേശികളെ കുറക്കണമെന്നത് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയം -കുവൈത്ത് തൊഴില്‍ മന്ത്രി
കുവൈത്ത് സിറ്റി: രാജ്യത്ത് നിലവില്‍ നടക്കുന്ന അധനികൃത താമസക്കാരുടെ ശുദ്ധീകരണ പ്രക്രിയക്കൊപ്പം വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുക എന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇക്കാര്യത്തില്‍ നേരത്തേ പ്രസ്താവന നടത്തിയിരുന്ന സാമൂഹിക, തൊഴില്‍ മന്ത്രി ദിക്റ അല്‍ റഷീദിയാണ് വിദേശികളെ കുറക്കുമെന്ന പ്രഖ്യാപനവുമായി വീണ്ടും രംഗത്തെത്തിയത്. സ്വദേശി-വിദേശി ജനസംഖ്യ രാജ്യ താല്‍പര്യത്തിനനുസൃതമായി നിയന്ത്രിക്കാന്‍ കുവൈത്തിന് അവകാശവും ബാധ്യതയുമുണ്ടെന്നും അതിനുവേണ്ടി വിദേശികളെ കുറക്കണമെന്നത് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയമാണെന്നും കുവൈത്ത് സിറ്റിയിലെ സൂഖ് ഉദ്ഘാടനശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. രാജ്യത്ത് സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതം ഏറെ അസന്തുലിതമാണ്. അവിദഗ്ധ വിദേശ തൊഴിലാളികളുടെ ആധിക്യമാണ് ഇതിന് കാരണം. അത് ഇല്ലാതാക്കാന്‍ വിദേശികളുടെ എണ്ണം കുറക്കുക തന്നെ വേണം. അത് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയമാണ്. ഇതിനുള്ള നടപടികള്‍ തൊഴില്‍ മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. തുടര്‍ നടപടികള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം -അല്‍ റഷീദി പറഞ്ഞു. സ്വദേശി-വിദേശി അസന്തുലിതാവസ്ഥ ഇല്ലാക്കുന്നതിന് നിലവിലുള്ള സംവിധാനത്തിലെ പിഴവുകള്‍ പരിഹരിക്കേണ്ടതുണ്ട്. അതിന്‍െറ ഭാഗമായാണ് സ്വകാര്യ മേഖലയില്‍ കമേഴ്സ്യല്‍ വിസിറ്റ് വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. അത് ഇനിയും തുടരും. വിദഗ്ധ മേഖലകളില്‍ കുവൈത്തിന് വിദേശികളുടെ സേവനം ഇനിയുമേറെ ആവശ്യമാണെങ്കിലും അവിദഗ്ധരും നിലവാരമില്ലാത്തവരുമായ തൊഴിലാളികളെ രാജ്യത്തിന് ആവശ്യമില്ല. കമേഴ്സ്യല്‍ വിസിറ്റ് വിസ വഴിയെത്തുന്ന ഇത്തരക്കാര്‍ പിന്നീട് തൊഴില്‍ വിസയിലേക്ക് മാറി രാജ്യത്ത് തുടരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ നിയന്ത്രണം നടപ്പാക്കിത്തുടങ്ങിയതെന്ന് വ്യക്തമാക്കിയ മന്ത്രി അത് തുടരേണ്ടത് ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ തൊഴില്‍ വിപണി പരിഷ്കരിക്കുകയാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ ദൗത്യമെന്നും അനധികൃത താമസക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത് സര്‍ക്കാറിന്‍െറ മറ്റു വിഭാഗങ്ങളുടെ ജോലിയാണെന്നും മന്ത്രി പറഞ്ഞു. പത്ത് വര്‍ഷത്തിനകം രാജ്യത്തെ വിദേശികളുടെ എണ്ണം പത്ത് ലക്ഷം കുറക്കുകയാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ ലക്ഷ്യമെന്ന് രണ്ടു മാസം മുമ്പ് തൊഴില്‍ മന്ത്രി പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് സ്വദേശിവല്‍ക്കരണം ശക്തമാവുന്നതായി സൂചനയുയര്‍ന്നത്. ഇതിന്‍െറ ഭാഗമായി കമേഴ്സ്യല്‍ വിസിറ്റ് വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നത് നിര്‍ത്തലാക്കുകയും ഗാര്‍ഹിക വിസയില്‍നിന്ന് അതേ സ്പോണ്‍സറുടെ കീഴിലുള്ള തൊഴില്‍ വിസയിലേക്ക് മാറുന്നതിന് സാധാരണ നല്‍കാറുള്ള അനുവാദം ഇത്തവണയില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്ത് നടപടികള്‍ കര്‍ശനമാക്കിയിരുന്നു. ഒരു ഭാഗത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ താമസ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും സ്പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവര്‍ക്കുമെതിരെ നടപടികള്‍ കര്‍ശനമാക്കുകയും നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരെ നാടുകടത്തുകയും ചെയ്യുന്നതിനിടെയാണ് തൊഴില്‍ മന്ത്രാലയവും ശക്തമായ സ്വദേശിവല്‍ക്കരണ നടപടികളുമായി മുന്നോട്ടുപോവുന്നത്. എല്ലാ വിഭാഗങ്ങളും കടുത്ത നടപടികള്‍ സ്വീകരിക്കുന്നത് തുടരുമ്പോള്‍ മലയാളികളടക്കമുള്ള പ്രവാസികളുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ ദുഷ്കരമാവുകയാണ്. .
OTHER STORIES IN THIS SECTION